ഇന്ത്യയിൽ ഇന്ന് കോവിഡിന് രണ്ട് വയസ്സ്  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th January 2022 07:53 AM  |  

Last Updated: 30th January 2022 07:53 AM  |   A+A-   |  

covid updates kerala

പ്രതീകാത്മക ചിത്രം

 

തൃശൂർ: രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതിന്റെ രണ്ടാം വാർഷിക ദിനം ഇന്ന്. ചൈനയിലെ വുഹാനിൽ നിന്നെത്തി, കോവിഡ് ലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മെഡിക്കൽ വിദ്യാർഥിനിക്ക് 2020 ജനുവരി 30ന് ആണ് കോവിഡ് സ്ഥിരീകരിച്ചത്.

ലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർഥിനിയുടെ സ്രവം പുണെയിലേക്ക് അയച്ചാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജനറൽ ആശുപത്രിയിൽ നിന്ന് പെൺക്കുട്ടിയെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സ്രവ പരിശോധനാ ഫലം മൂന്ന് തവണ നെഗറ്റീവ് ആയ ശേഷമാണ് ഡിസ്ചാർജ് ചെയ്തത്.

പിന്നാലെ ചൈനയിൽ നിന്നെത്തിയ മൂന്നു വിദ്യാർഥികളിൽ കൂടി രോഗം കണ്ടെത്തി. മാർച്ച് എട്ടിന് ഇറ്റലിയിൽ നിന്ന് കേരളത്തിലെത്തിയ കുടുംബത്തിന് വൈറസ് ബാധ സ്ഥിരീകരിക്കുമ്പോൾ കോവിഡായി പേരുമാറി ലോകം മുഴുവൻ താണ്ഡവം തുടങ്ങിയിരുന്നു. പ്രവാസികൾക്ക് ക്വാറന്റീൻ, രോഗബാധിതരുടെ സമ്പർക്കപ്പട്ടിക തയാറാക്കൽ, റൂട്ട് മാപ്പ് തുടങ്ങിയവയിലൂടെ കേരളം ഈ ഘട്ടത്തിൽ ലോകത്തിന്റെ മുഴുവൻ പ്രശംസ പിടിച്ചുപറ്റി.