വിഎസിന് എതിരായ കേസിൽ ജയം; ഉമ്മൻ ചാണ്ടിക്ക് ഇന്ന് പുതുപ്പള്ളിയിൽ സ്വീകരണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th January 2022 09:18 AM |
Last Updated: 30th January 2022 09:18 AM | A+A A- |

ഉമ്മൻ ചാണ്ടി
കോട്ടയം: കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിക്ക് ഇന്ന് പുതുപ്പള്ളിയിൽ സ്വീകരണം. സോളാർ കേസിലെ ആരോപണങ്ങളെ തുടർന്ന് വി എസ് അച്യുതാനന്ദനെതിരെ നൽകിയ മാനനഷ്ടക്കേസിൽ അനുകൂല വിധി ഉണ്ടായ ശേഷം ആദ്യമായാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലെ വീട്ടിലെത്തുന്നത്. കോട്ടയത്തെ പ്രവർത്തകരാണ് സ്വീകരണം ഒരുക്കുന്നത്. പുതുപ്പള്ളിയിലെ വീട്ടിൽ വച്ച് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പരിപാടിയെന്ന് നേതാക്കൾ അറിയിച്ചു.
2013 ജൂലൈയിൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സോളാറിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ ആരോപണത്തിനെതിരെയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചത്. സോളാർ തട്ടിപ്പ് നടത്താൻ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനി രൂപീകരിച്ച് അതുവഴി സാമ്പത്തിക തട്ടിപ്പ് നടത്തി എന്നതായിരുന്നു വിഎസിന്റെ പ്രസ്താവന. ഇതിനെതിരെയാണ് 2014ൽ ഹർജി നൽകിയത്. തന്നെ സമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം സബ് കോടതിയാണ് ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. കേസിൽ അപ്പീൽ പോകുമെന്ന് വിഎസ് വ്യക്തമാക്കിയിട്ടുണ്ട്.