22കാരി അബോധാവസ്ഥയിൽ ലോഡ്ജിൽ, അതീവ ​ഗുരുതരം; വെള്ളപ്പൊടി നിർബന്ധിച്ച് ശ്വസിപ്പിച്ചെന്ന് കൂട്ടുകാരി; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st July 2022 10:04 AM  |  

Last Updated: 01st July 2022 10:04 AM  |   A+A-   |  

22-year-old woman found unconscious at lodge in kochi

പ്രതീകാത്മക ചിത്രം


കൊച്ചി; ദുരൂഹസാഹചര്യത്തിൽ ലോഡ്ജിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ 22 കാരിയുടെ നില അതീവ ​ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതി ഇപ്പോൾ വെന്റിലേറ്ററിലാണ്. വെള്ള നിറത്തിലുള്ള പൊടി ശ്വസിച്ചതോടെയാണ് അബോധാവസ്ഥയിലായത് എന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്ത് മുഷീദ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ബുധനാഴ്ച രാത്രിയോടെയാണ് 22കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വിദേശത്ത് പോകാനുള്ള മെഡിക്കൽ ടെസ്റ്റിന്റെ ആവശ്യത്തിനായാണ് കോഴിക്കോട് സ്വദേശികളായ യുവതികൾ കൊച്ചിയിൽ എത്തിയത് എന്നാണ് പൊലീസ് പറയുന്നത്. ജൂൺ 27ന് രാവിലെ ന​ഗരത്തിലെത്തിയ യുവതികൾ ഫോർട്ട് കൊച്ചിയും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ചു. തുടർന്ന് ചളിക്കവട്ടത്തെ ലോഡ്ജിൽ ഇവർ മുറിയെടുക്കുകയായിരുന്നു. 

വൈകിട്ട് ഹഷീം എന്ന ആളും മറ്റ് മൂന്നു പേരും യുവതിയുടെ മുറിയിലെത്തി. ഹഷീമാണ് തങ്ങളെക്കൊണ്ട് നിർബന്ധിപ്പിച്ച് വെള്ളപ്പൊടി വലിപ്പിച്ചത് എന്നാണ് മുഷീദ പറയുന്നത്. 28ാം തിയതിയും യുവതിക്ക് ബോധം വീണ്ടെടുക്കാനായിരുന്നില്ല. എങ്കിലും കോഴിക്കോട്ടേക്ക് തിരിച്ചുപോകാൻ ഇവർ തീരുമാനിച്ചു. എന്നാൽ അവസ്ഥ മോശമായതോടെ എറണാകുളം ജം​ഗ്ഷൻ റെയിൽവേ സ്റ്റേഷന് അടുത്തുള്ള ലോഡ്ജിലേക്ക് മാറി. യുവതിക്ക് എഴുന്നേറ്റ് നടക്കാനാവാത്ത അവസ്ഥയായിരുന്നു. അവസ്ഥ വീണ്ടും മോശമായതോടെ കലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

മയക്കുമരുന്നിന്റെ അമിതമായ ഉപയോ​ഗമാകാം സംഭവത്തിനു പിന്നിൽ എന്നാണ് പൊലീസ് സംശയിക്കുന്നത്. കൂടുതൽ മെഡിക്കൽ ടെസ്റ്റുകൾ നടത്തിയാൽ മാത്രമേ ഇത് ഉറപ്പിക്കാനാവൂ. യുവതിയുടെ രക്തത്തിലെ സോഡിയം ലെവൽ താഴ്ന്നിരിക്കുകയായിരുന്നു എന്നാണ് ആശുപത്രി അധിക‍ൃതർ പറയുന്നത്. 48 മണിക്കൂർ നിരീക്ഷണത്തിൽ കഴിയുന്ന യുവതി വെന്റിലേറ്റർ സപ്പോർട്ടുള്ള ഐസിയുവിലാണ്. ഇതുവരെ യുവതി ബോധം വീണ്ടെടുത്തിട്ടില്ല. എംആർഐ സ്കാനിങ്ങിൽ തലച്ചോറിൽ ഹൈപോക്സിയ ഡാമേജ് കണ്ടെത്തിയിട്ടുണ്ട്. 

യുവതിയുടെ മൊഴി രേഖപ്പെടുത്താൻ സാധിക്കാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.  യുവതിയുടെ കൂട്ടുകാരി മുഷീദയുടെ മൊഴി വനിതാ പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തി. ഇന്നലെ ഇവർ സഹോദരനൊപ്പം നാട്ടിലേക്ക് മടങ്ങി. മുഷീദയും മൊഴിയിൽ വൈരുധ്യമുള്ളതിനാൽ ഇവരേയും പൊലീസ് സംശയിക്കുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കാം 

ആദ്യരാത്രിയിൽ ഭാര്യയുടെ ആഭണം മോഷ്ടിച്ചു മുങ്ങി, 19 വർഷത്തിനു ശേഷം 'നവവരൻ' പിടിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ