പൊലീസിലെ ഇന്റലിജന്‍സ് സംവിധാനം ഇത്ര ദുര്‍ബലമാണോ?; ഭരണം പരാജയമെന്ന് കേന്ദ്രമന്ത്രി മുരളീധരൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st July 2022 12:41 PM  |  

Last Updated: 01st July 2022 12:41 PM  |   A+A-   |  

muraleedharan

വി മുരളീധരന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടിവി ദൃശ്യം

 

കോഴിക്കോട്: ഭരണം എന്നാല്‍ നഗരം മുഴുവന്‍ മുഖ്യമന്ത്രിയുടെ ബോര്‍ഡ് വെപ്പിക്കലല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ജനങ്ങള്‍ക്ക് സ്വൈര്യജീവിതം ഉറപ്പു വരുത്തലാണ്. അതില്‍ കേരളത്തിലെ സര്‍ക്കാരും ആഭ്യന്തര വകുപ്പും സമ്പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് വി മുരളീധരന്‍ കുറ്റപ്പെടുത്തി. 

എകെജി സെന്ററിന് നേര്‍ക്കുണ്ടായ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടുപിടിക്കേണ്ടത് ഭരണത്തിലിരിക്കുന്നവരുടെ ഉത്തരവാദിത്തമാണ്. അതല്ലാതെ ആരെങ്കിലും ഇന്നയാളാണ്, മറ്റേയാളാണ് എന്നൊന്നും പറഞ്ഞതുകൊണ്ട് കാര്യമില്ല. ഇ പി ജയരാജന്‍ പറയുന്നതിന് അര്‍ത്ഥം, അദ്ദേഹത്തിന്റെ നേതാവിന് ഭരണം നടത്താന്‍ കഴിവില്ല എന്നതാണ്. 

അത് പറയാന്‍ ധൈര്യമുണ്ടെങ്കില്‍, തന്റേടമുണ്ടെങ്കില്‍ ജയരാജന്‍ അതാണ് പറയേണ്ടത്. സെക്രട്ടേറിയറ്റിന് മുന്നില്‍, മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഒരാള്‍ രാത്രി പതിനൊന്നര മണിയ്ക്ക് ആക്രമിക്കാന്‍ വരുന്നു. തിരുവനന്തപുരത്തെ പൊലീസ് പട്രോളിംഗ് സംവിധാനം ഇത്ര ദുര്‍ബലമാണോ?. കേരളത്തിന്റെ പൊലീസിലെ ഇന്റലിജന്‍സ് സംവിധാനം ഇത്ര ദുര്‍ബലമാണോയെന്നും മുരളീധരന്‍ ചോദിച്ചു. 

ഇത് അന്വേഷിക്കാന്‍ കഴിവില്ലാത്തവര്‍ക്ക് ഭരിക്കാന്‍ അര്‍ഹതയില്ല. ഭരണം എന്നു പറഞ്ഞാല്‍ പ്രസ്താവന ഇറക്കലും ബോര്‍ഡുവെക്കലും അല്ല. തിരുവനന്തപുരം മുഴുവന്‍ പിണറായി വിജയന്റെ ബോര്‍ഡുവെപ്പിച്ചിരിക്കുകയാണ്. ആക്രമണവുമായി ബന്ധപ്പെട്ട് താന്‍ ഇപ്പോള്‍ ആരെയും കുറ്റപ്പെടുത്തി പറയുന്നില്ല. അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. കുറ്റപ്പെടുത്താന്‍ താനല്ലല്ലോ കേരളം ഭരിക്കുന്നത്. താനാണ് കേരളം ഭരിച്ചിരുന്നതെങ്കില്‍ ഈ സംഭവം നടക്കില്ല. വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 

ഈ വാർത്ത കൂടി വായിക്കാം 

 എകെജി എന്ന വൈകാരികതയെ കുത്തിനോവിക്കാന്‍ ശ്രമം; പ്രകോപനങ്ങള്‍ക്ക് വശംവദരാകരുത്: മുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ