അക്രമി എത്തിയത് ചുവന്ന സ്‌കൂട്ടറില്‍; വഴിക്കു വെച്ച് മറ്റൊരാള്‍ പൊതി കൈമാറി, സിസിടിവി ദൃശ്യം പൊലീസിന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd July 2022 12:43 PM  |  

Last Updated: 02nd July 2022 12:56 PM  |   A+A-   |  

akg_centre_attack

സിസിടിവി ദൃശ്യത്തില്‍ നിന്ന്‌

 


തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണം നടത്തിയ പ്രതിക്ക് മറ്റൊരാളുടെ സഹായം ലഭിച്ചിരുന്നതായി പൊലീസ്. വഴിക്കുവെച്ച് മറ്റൊരു വാഹനത്തിലെത്തിയ ആള്‍ സ്‌ഫോടക വസ്തു അക്രമിക്ക് കൈമാറുകയായിരുന്നു. പൊതി കൈമാറുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചതായാണ് സൂചന. പ്രതി ആദ്യം എകെജി സെന്ററിന് അടുത്തെത്തി നിരീക്ഷണം നടത്തിയശേഷം തിരികെ പോയി. പിന്നീട് വന്നാണ് ആക്രമണം നടത്തിയതെന്നും പൊലീസ് സൂചിപ്പിച്ചു. 

രാത്രി 11.21 നാണ് അക്രമി എകെജി സെന്ററിന് സമീപത്തെത്തി നിരീക്ഷണം നടത്തിയത്. തുടര്‍ന്ന് 11. 24 ന് വീണ്ടുമെത്തി ആക്രമണം നടത്തിയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇതുസംബന്ധിച്ച സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അക്രമി സഞ്ചരിച്ചത് ചുവന്ന സ്‌കൂട്ടറിലാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട്, മുമ്പ് ഫെയ്‌സ്ബുക്കില്‍ പ്രകോപനപരമായി പോസ്റ്റിട്ട അന്തിയൂര്‍കോണം സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ വെച്ച് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്യുന്നത്. അതേസമയം ഇയാളുടെ ഫോണ്‍ രേഖകളില്‍ സംശയിക്കത്തതായി ഒന്നും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല.

ഇദ്ദേഹം സംഭവസമയത്തൊന്നും എകെജി സെന്റര്‍ പരിസരത്ത് ഉണ്ടായിരുന്നില്ലെന്നാണ് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പൊലീസിന് ലഭിച്ച വിവരം. മുമ്പും ഇയാള്‍ പ്രകോപനപരമായ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിട്ടുണ്ട്. ഇപ്പോള്‍ പുറത്തുവന്ന പോസ്റ്റ് ആറുദിവസം മുമ്പാണ് ഇയാള്‍ ഇട്ടതെന്നുമാണ് വിവരം. കൂടാതെ രാഹുല്‍ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനു ശേഷം പ്രകോപനപരമായി പോസ്റ്റിട്ട 20 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

എകെജി സെന്റര്‍ ആക്രമണം: പ്രകോപന പോസ്റ്റിട്ട 20 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ