'ഉമ്മന്‍ചാണ്ടിക്കെതിരെ കള്ളമൊഴി നല്‍കാത്തതിന്റെ വൈരാഗ്യം; ഈ മര്യാദകേടിന് ദൈവം അവരോട് പൊറുക്കട്ടെ' 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd July 2022 03:40 PM  |  

Last Updated: 02nd July 2022 03:40 PM  |   A+A-   |  

pc_george_new

പി സി ജോർജ്

 

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടിക്കെതിരെ സിബിഐക്ക് കള്ളമൊഴി നല്‍കാത്തതിന്റെ വൈരാഗ്യമാണ് പരാതിക്ക് കാരണമെന്ന് പി സി ജോര്‍ജ്. പരാതിക്കാരി തന്നോട് വൈരാഗ്യം തീര്‍ക്കുകയാണ്. നിരപരാധിയാണെന്ന് നൂറുശതമാനം തെളിയും. ഈ ഒരു കാര്യം കൊണ്ടൊന്നും പിണറായി വിജയന്‍ രക്ഷപ്പെടില്ലെന്നും പി സി ജോര്‍ജ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന വേളയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

താന്‍ ഒളിക്കാനൊന്നും പോകുന്നില്ല. വസ്തുത എന്താണെന്ന് തെളിയിക്കും. സത്യസന്ധമായി ഇറങ്ങും. ഒരു സ്ത്രീയേയും പീഡിപ്പിച്ചിട്ടില്ല. സ്ത്രീകളോട് സ്‌നേഹവും ബഹുമാനവും കാണിക്കുന്ന വ്യക്തിയാണ്. പിണറായി വിജയന്റെ കാശും മേടിച്ചിട്ട് കാണിക്കുന്ന ഈ മര്യാദകേടിന് ദൈവം അവരോട് പൊറുക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. 

താൻ പോയ രാഷ്ട്രീയക്കാരെല്ലാം തന്നെ പീഡിപ്പിച്ചെന്ന് അവരു തന്നെ പറഞ്ഞിട്ടുണ്ട്. പരാതിക്കാരിയെ പീഡിപ്പിച്ചയാളുകളെല്ലാം ഇപ്പോള്‍ മാന്യമായി നടക്കുകയാണ്. അവരോട് മാന്യമായി പെരുമാറിയ രാഷ്ട്രീയ നേതാവാണ് പി സി ജോര്‍ജ്. അവരു തന്നെ പത്രസമ്മേളനം നടത്തി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. വേണ്ടാതീനമൊന്നുമില്ല, അവരെ പിടിച്ചു എന്ന കേസാണ് നല്‍കിയിട്ടുള്ളത്. 

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചു എന്ന് സ്റ്റേറ്റ്‌മെന്റ് കൊടുക്കണമെന്നും സാക്ഷി പറയണമെന്നും അവര്‍ എന്നോട് ആവശ്യപ്പെട്ടു. ആദ്യം തന്നോട് പറഞ്ഞത് ഉമ്മന്‍ചാണ്ടി ഓഫീസില്‍ വെച്ച് പീഡിപ്പിച്ചു എന്നാണ്. ഉമ്മന്‍ചാണ്ടി വയസ്സാംകാലത്ത് മര്യാദകേട് കാണിച്ചോ എന്ന് താന്‍ ചോദിച്ചു. 

പിന്നീട് എഴുതി തന്നത് ക്ലിഫ് ഹൗസില്‍ വെച്ച് പീഡിപ്പിച്ചു എന്നാണ്. അതോടെ അവരു പറയുന്നത് നുണയാണെന്ന് മനസ്സിലായി. കള്ളസാക്ഷി പറയാന്‍ പറ്റില്ലെന്ന് പറഞ്ഞു. പച്ചക്കള്ളമാണ് പരാതിക്കാരി പറയുന്നതെന്ന് സിബിഐയോട് പറഞ്ഞു. അതിന്റെ വൈരാഗ്യം തീര്‍ക്കുന്നതിന്റെ ഭാഗമാണിത്. അവരുടെ കൈപ്പടയില്‍ എഴുതി തന്ന കത്ത് തന്റെ കൈവശമുണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

പീഡനപരാതി: പി സി ജോര്‍ജ് അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ