'വിടുവായത്തങ്ങള്‍ക്ക് പണ്ടേ പേരുകേട്ടതാണ് കണ്‍വീനര്‍; കൈയില്‍ പടക്കം കൊടുത്തുവിടുമ്പോള്‍ മുഖ്യമന്ത്രി ഓര്‍ക്കണമായിരുന്നു'

ആ പരിപ്പ് ഇനിയും കേരളത്തില്‍ വേവില്ലെന്ന് അദ്ദേഹം മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്ന് കെ സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു
കെ സുധാകരൻ, ഫയല്‍ ചിത്രം
കെ സുധാകരൻ, ഫയല്‍ ചിത്രം

തിരുവനന്തപുരം: താന്‍ പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിലെല്ലാം പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കാന്‍ ദുരൂഹമായ പല സംഭവങ്ങളും ഉണ്ടാക്കുന്നതില്‍ അഗ്രഗണ്യനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.ആ പരിപ്പ് ഇനിയും കേരളത്തില്‍ വേവില്ലെന്ന് അദ്ദേഹം മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്ന് കെ സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ടാണ് കെ സുധാകരന്റെ പരോഷ വിമര്‍ശനം. എകെജി സെന്ററില്‍ സ്‌ഫോടകവസ്തു എറിഞ്ഞിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാവാത്തതില്‍ പൊലീസിനെതിരെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്ന് വ്യാപക ആക്ഷേപം ഉയരുന്ന വേളയിലാണ് മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍ രംഗത്തുവന്നത്.


കുറിപ്പ്: 

താന്‍ പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിലെല്ലാം പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കാന്‍ ദുരൂഹമായ പല സംഭവങ്ങളും ഉണ്ടാക്കുന്നതില്‍ അഗ്രഗണ്യനാണ് പിണറായി വിജയന്‍. ആ പരിപ്പ് ഇനിയും കേരളത്തില്‍ വേവില്ലെന്ന് അദ്ദേഹം മനസ്സിലാക്കുന്നത് നന്നായിരിക്കും.
ഞങ്ങള്‍ നിയമസഭയ്ക്ക് അകത്തും പുറത്തും ചോദിച്ച ഒരുപാട് ചോദ്യങ്ങള്‍ ഇപ്പോഴും അന്തരീക്ഷത്തില്‍ നില്‍ക്കുകയാണ്. ഒരൊറ്റ ചോദ്യത്തിന് പോലും മറുപടി പറയാനുള്ള ധൈര്യം മുഖ്യമന്ത്രി കാണിച്ചിട്ടില്ല. ഇത് നാടിന്റെ സംശയങ്ങള്‍ ബലപ്പെടുത്തുകയാണ്.
ജനശ്രദ്ധ തിരിച്ചുവിടാന്‍, ബുദ്ധിശൂന്യനായ കണ്‍വീനറുടെ കയ്യില്‍ പടക്കം കൊടുത്തുവിടുമ്പോള്‍, അതയാളുടെ കൈയ്യില്‍ കിടന്നുതന്നെ പൊട്ടുമെന്ന് മുഖ്യമന്ത്രി ഓര്‍ക്കേണ്ടതായിരുന്നു. മണ്ടത്തരങ്ങള്‍ക്കും വിടുവായത്തങ്ങള്‍ക്കും പണ്ടേ പേരുകേട്ട അദ്ദേഹത്തിന്റെ പെട്ടെന്നുള്ള പ്രതികരണങ്ങള്‍ ജനങ്ങള്‍ക്ക് സത്യം ബോധ്യപ്പെടുത്തി കൊടുത്തിട്ടുണ്ട്! കണ്‍വീനറുടെ തലയിലെ വെടിയുണ്ട മജ്ജയില്‍ ലയിച്ചില്ലാതായത് പോലെ, ഓഫീസിന് പടക്കമെറിഞ്ഞയാളും മാഞ്ഞു പോകുന്ന കാഴ്ച കണ്ട് കേരളം ചിരിക്കുകയാണ്.
ശ്രദ്ധതിരിക്കലിന്റെ രണ്ടാം ഘട്ടമായി, കൈയ്യിലെ അടുത്ത ആയുധമായ സോളാര്‍ കേസ് വിവാദ നായികയെയും അങ്ങ് രംഗത്തിറക്കിയിട്ടുണ്ട്. മൂന്നാംഘട്ടത്തില്‍, ഏത് സഖാവിനെ രക്തസാക്ഷിയാക്കിയാണ് താങ്കള്‍ പുകമറ സൃഷ്ടിക്കുകയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. നാടിനോടും നാട്ടുകാരോടും എന്തിന് സ്വന്തം പാര്‍ട്ടി അണികളോടുപോലും ഒരിത്തിരി സ്‌നേഹമില്ലാത്ത താങ്കള്‍ സമ്പൂര്‍ണ പരാജയമാണ് പിണറായി വിജയന്‍.
ഒരു കാര്യം പറഞ്ഞവസാനിപ്പിക്കാം....
സ്വന്തം കുടുംബത്തിന് നേരെ പോലും ആരോപണങ്ങള്‍ വന്ന സാഹചര്യത്തില്‍ കേരളത്തിന് കേള്‍ക്കേണ്ടത് മുഖ്യമന്ത്രിയുടെ മറുപടികളാണ്. എവിടെ പോയി ഒളിച്ചാലും, അത് ഞങ്ങള്‍ പറയിപ്പിക്കുക തന്നെ ചെയ്യും.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com