ഗാന്ധി ചിത്രം തകര്‍ത്തതില്‍ എസ്എഫ്‌ഐക്ക് പങ്കില്ല; കോണ്‍ഗ്രസിനെ വെട്ടിലാക്കി പൊലീസ് റിപ്പോര്‍ട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th July 2022 08:51 AM  |  

Last Updated: 04th July 2022 08:51 AM  |   A+A-   |  

sfi_attack_rahul_office

ഫയല്‍ ചിത്രം

 

കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി പൊലീസ് റിപ്പോര്‍ട്ട്. ഓഫീസിലുണ്ടായിരുന്ന മഹാത്മാഗാന്ധിയുടെ ചിത്രം തകര്‍ത്തതില്‍ എസ്എഫ്‌ഐക്ക് പങ്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് വയനാട് ജില്ലാ പൊലീസ് മേധാവി ഡിജിപി, അന്വേഷണ സംഘത്തെ നയിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി, ക്രൈംബ്രാഞ്ച് മേധാവി എന്നിവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

രാഹുല്‍ഗാന്ധിയുടെ കസേരയില്‍ വാഴ വെച്ച ശേഷവും ചുമരില്‍ ഗാന്ധി ചിത്രം ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.  ഗാന്ധി ചിത്രം ആദ്യം നിലത്തു വീണത് കമിഴ്ന്ന നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സംഭവ സമയത്ത് അവിടെ ഉണ്ടായിരുന്ന പൊലീസ് ഫൊട്ടോഗ്രഫറുടെ ചിത്രങ്ങളും മാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങളും റിപ്പോര്‍ട്ടില്‍ തെളിവായി ചേര്‍ത്തിട്ടുണ്ട്. 

24ന് ഉച്ചയ്ക്കുശേഷം മൂന്നരയോടെയാണ് അക്രമം നടന്നത്. എസ്എഫ്ഐ പ്രവർത്തകർ പോയ ശേഷം 4 മണിക്ക് പൊലീസ് ഫൊട്ടോഗ്രഫർ എടുത്ത ചിത്രങ്ങളിൽ മഹാത്മാഗാന്ധിയുടെ ചിത്രം ചുവരിലും ഫയലുകൾ മേശപ്പുറത്തും ഇരിക്കുന്നതും വ്യക്തമാണ്. തുടർന്ന് ഫൊട്ടോഗ്രഫർ താഴേക്ക് ഇറങ്ങുമ്പോൾ യുഡിഎഫ് പ്രവർത്തകർ മുകളിലേക്കു കയറിപ്പോയി. 

വീണ്ടും നാലരയ്ക്ക് ഫൊട്ടോഗ്രഫർ മുകളിലെത്തി എടുത്ത ചിത്രങ്ങളിൽ, ഓഫിസിൽ ആ സമയം യുഡിഎഫ് പ്രവർത്തകർ ഉള്ളതായും ഒരു ഫോട്ടോ ചില്ലുപൊട്ടി താഴെക്കിടക്കുന്നതായും കാണാം. ഫയലുകൾ വലിച്ചുവാരി ഇട്ടിരുന്ന നിലയിലായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ​ഗാന്ധി ചിത്രം തകർത്തത് എസ്എഫ്ഐ പ്രവർത്തകർ ആണെന്നാണ് കോൺ​ഗ്രസ് ആരോപിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കാം  

ഏലപ്പാറ മണ്ണിടിച്ചില്‍: മണ്ണിനടിയില്‍പ്പെട്ട സ്ത്രീ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ