പൊലീസിന്റെ നിഷ്‌ക്രിയത്വം ദുരൂഹം; എന്തുകൊണ്ട് പ്രതിയെ പിന്തുടര്‍ന്നില്ല?; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച 

കരിയില പോലും കത്താതെയുള്ള നാനോ ഭീകരാക്രമണത്തെക്കുറിച്ച് പഠിക്കാന്‍ വിദേശ ഏജന്‍സികള്‍ കേരളത്തിലേക്ക് വരികയാണെന്നും വിഷ്ണുനാഥ് പരിഹസിച്ചു
എകെജി സെന്റര്‍ ആക്രമണം, പി സി വിഷ്ണുനാഥ്‌
എകെജി സെന്റര്‍ ആക്രമണം, പി സി വിഷ്ണുനാഥ്‌

തിരുവനന്തപുരം: പൊലീസിന്റെ നിരീക്ഷണമുള്ള തിരുവനന്തപുരം നഗരത്തില്‍ അതിസുരക്ഷാ മേഖലയില്‍ സ്ഥിതിചെയ്യുന്ന, സദാ പൊലീസ് കാവലുള്ള സിപിഎം ആസ്ഥാനമായ എകെജി സെന്ററില്‍ എങ്ങനെ ആക്രമണം ഉണ്ടായെന്ന് പി സി വിഷ്ണുനാഥ്. എന്തുകൊണ്ട് പ്രതിയെ പിന്തുടര്‍ന്നില്ല? പ്രതിയെ പിടിക്കാന്‍ വയര്‍ലെസ് സന്ദേശം നല്‍കിയില്ല? തുടങ്ങിയ ചോദ്യങ്ങളും വിഷ്ണുനാഥ് ഉന്നയിച്ചു. എകെജി സെന്റര്‍ ആക്രമണത്തില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ അക്രമം നടന്നിട്ട് നാലു രാത്രിയും മൂന്നു പകലും കഴിഞ്ഞിട്ടും ഇതുവരെയും അക്രമിയെ കണ്ടെത്താന്‍ കേരള പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവം ഉണ്ടായതിന് തൊട്ടുപിന്നാലെ അവിടെയെത്തിയ സിപിഎം നേതാക്കള്‍ ഇതിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ആരോപിച്ചിരുന്നു. അതിനുശേഷം വ്യാപകമായി സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയും സ്വതന്ത്യസമര സ്മാരകങ്ങള്‍ക്ക് നേരെയും സിപിഎമ്മിന്റെ ആക്രമണം ഉണ്ടായി. 

കോട്ടയം ഡിസിസി ഓഫീസിലേക്ക് കൊലവിളിയുമായി എത്തിയ സിപിഎം ഗുണ്ടാ സംഘം പൊലീസിന്റെ മുന്നില്‍ വെച്ച് പാര്‍ട്ടി ഓഫീസ് ആക്രമിച്ചു. തീപ്പന്തം എറിയുകയും ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. പാലക്കാട് ഗാന്ധിസ്തൂപം അടിച്ചു തകര്‍ത്തു. തടയാന്‍ ശ്രമിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെയും സിപിഎമ്മുകാര്‍ ആക്രമിച്ചു. ആലപ്പുഴയില്‍ ഇന്ദിരാഗാന്ധിയുടെ പ്രതിമയുടെ കൈ തകര്‍ത്തു. ആലപ്പുഴയില്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് കൊലവിളി പ്രസംഗം മുഴങ്ങിയത്. സിപിഎം ഗുണ്ടാ സംഘം സംസ്ഥാനത്ത് അഴിഞ്ഞാടുകയാണ്. 

കോണ്‍ഗ്രസിന്റെ ആസ്ഥാനത്ത് ഇന്ദിരാഭവനില്‍ മുതിര്‍ന്ന നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ എ കെ ആന്റണി ഇരിക്കുന്ന വേളയിലാണ് സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ച് ജാഥയായി എത്തി ആക്രമിച്ചത്. ഇതുവരെ ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. കോട്ടയം ഡിസിസി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയതിന്റെ ഗ്യാപ്പിലാണ് അഞ്ചുപേരെ പിടികൂടിയത്. തിരുവനന്തപുരത്തെ എകെജി സെന്ററില്‍ ഒരു അക്രമി സ്‌കൂട്ടറില്‍ എത്തി സ്‌ഫോടക വസ്തു എറിഞ്ഞിട്ട് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നത് പൊലീസിന്റെ നിഷ്‌ക്രിയത്വമാണ് വെളിവാക്കുന്നതെന്ന് വിഷ്ണുനാഥ് പറഞ്ഞു. 

ആക്രമണം ഉണ്ടായതിന് തൊട്ടുപിന്നാലെ, സിബിഐ മോഡലില്‍ ഇപി ജയരാജന്‍ സ്ഥലത്ത് പരിശോധന നടത്തി ഭീകരാക്രമണമാണ് ഉണ്ടായതെന്ന് പറഞ്ഞു. കോണ്‍ഗ്രസ് ആണ് അക്രമത്തിന് പിന്നിലെന്നും ആരോപിച്ചു. അദ്ദേഹത്തിന് എവിടെ നിന്നും ഈ വിവരം കിട്ടി?. ഇതറിയാനായി എന്തുകൊണ്ട് പൊലീസ് ജയരാജനെ ചോദ്യം ചെയ്തില്ല?. എകെജി സെന്ററിലുണ്ടായത് നാനോ ഭീകരാക്രമണമാണെന്നും വിഷ്ണുനാഥ് പരിഹസിച്ചു. അടുത്തുണ്ടായ കരിയില പോലും കത്തിയില്ല. മതിലിലെ രണ്ടു മൂന്ന് കരിങ്കല്‍ കഷണങ്ങള്‍ക്കാണ് കേടുപാടു പറ്റിയത്. കരിയില പോലും കത്താതെയുള്ള നാനോ ഭീകരാക്രമണത്തെക്കുറിച്ച് പഠിക്കാന്‍ വിദേശ ഏജന്‍സികള്‍ കേരളത്തിലേക്ക് വരികയാണെന്നും വിഷ്ണുനാഥ് പരിഹസിച്ചു.  

കെട്ടിടം തകര്‍ന്നു വീഴുന്ന പോലുള്ള അതിഭീകരശബ്ദമാണ് സ്‌ഫോടനം നടന്നപ്പോള്‍ ഉണ്ടായതെന്നാണ് സിപിഎം നേതാവായ പി കെ ശ്രീമതി പറഞ്ഞത്. അത്തരം ഭീകരമായ ശബ്ദം ഉണ്ടായിട്ടും സിപിഎം ആസ്ഥാനത്തിന് കാവലുള്ള പൊലീസുകാര്‍ ഇതു കേട്ടില്ല?. പ്രതിയെ കണ്ടില്ല?. എകെജി സെന്ററില്‍ ആക്രമണം നടക്കുമ്പോള്‍ പൊലീസിനെ പിന്‍വലിച്ചെന്ന് സംശയമുണ്ട്. അല്ലെങ്കില്‍ എന്തുകൊണ്ട് പൊലീസ് അക്രമിയെ പിന്തുടര്‍ന്ന് പിടിച്ചില്ല?. വയര്‍ലെസ് സന്ദേശം നല്‍കുക വഴി സ്‌കൂട്ടറില്‍ പോയ പ്രതിയെ നിമിഷങ്ങള്‍ക്കകം കണ്ടെത്താമായിരുന്നില്ലേ?. എന്തുകൊണ്ട് പൊലീസ് അതിന് തയ്യാറായില്ലെന്നും പി സി വിഷ്ണുനാഥ് ചോദിച്ചു. 

എകെജി സെന്റര്‍ ആക്രമണത്തില്‍ രണ്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്കാണ് സര്‍ക്കാര്‍ സമ്മതിച്ചിട്ടുള്ളത്. ഭരണപ്രതിപക്ഷത്തു നിന്നായി 12 അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. മുഖ്യമന്ത്രി ചര്‍ച്ചക്ക് മറുപടി പറയും. ഈ നിയമസഭ സമ്മേളനത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യുന്ന രണ്ടാമത്തെ അടിയന്തര പ്രമേയമാണിത്. നേരത്തെ സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണക്കടത്തുകേസില്‍ അടിയന്തരപ്രമേയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്തിരുന്നു.

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com