വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, പരീക്ഷകള്‍ മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th July 2022 07:56 PM  |  

Last Updated: 05th July 2022 07:56 PM  |   A+A-   |  

rain

ചിത്രം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട്


 

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. രാത്രിയില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 

മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും  സാധ്യതയുള്ളതിനാല്‍ ഒന്‍പതാം തീയതി വരെ കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് കടലില്‍ പോകാന്‍ പാടുള്ളതല്ല. 

കനത്ത മഴ തുടരുന്ന കണ്ണൂര്‍ ജില്ലയില്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍, ഐ സി എസ് ഇ, സി ബി എസ് ഇ സ്‌കൂളുകള്‍, അംഗനവാടികള്‍ എന്നിവ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കാസര്‍കോട് ജില്ലയില്‍ മിക്ക പുഴകളിലും ജലനിരപ്പ് മുന്നറിയിപ്പ് നിലയും അപകട നിലയും കടന്നിരിക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായിട്ടുള്ള മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും ദേശീയപാതാ നവീകരണത്തിന്റെ പ്രവര്‍ത്തിനടക്കുന്ന പ്രദേശങ്ങളിലും താമസിക്കുന്ന അപകട ഭീഷണിയുള്ള കുടുംബങ്ങളെ ആവശ്യമെങ്കില്‍  യഥാസമയം മാറ്റിപ്പാര്‍പ്പിക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന്് ജില്ലാ ഭരണകൂടം അറിയിച്ചു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ ഇടുക്കിയില്‍ കനത്ത മഴ: മരങ്ങള്‍ കടപുഴകി, മൂന്നു മരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ