'ഭരണഘടനയില്‍ വിശ്വാസമില്ലാത്തവര്‍ എന്തിന് ഇന്ത്യയില്‍ നില്‍ക്കുന്നു?'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th July 2022 02:45 PM  |  

Last Updated: 05th July 2022 02:48 PM  |   A+A-   |  

k_sudhakaran

കെ സുധാകരന്‍ / ഫയല്‍

 

തിരുവനന്തപുരം: ഭരണഘടനയെ തള്ളിപ്പറഞ്ഞ മന്ത്രി സജി ചെറിയാന്‍ ഇന്ത്യാ രാജ്യത്തിന്റെ മൊത്തം അസ്തിത്വത്തെയാണ് ചോദ്യം ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. സ്വയം രാജിവെച്ച് പോകുകയാണ് വേണ്ടത്. ഈ നാടിന്റെ യശസ്വിന് താല്‍പ്പര്യമുണ്ടെങ്കില്‍ സിപിഎം മന്ത്രിയെ പുറത്താക്കണം. 

മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയില്‍ സിപിഎം കേന്ദ്രനേതൃത്വം പ്രതികരിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. അഖിലേന്ത്യാ നേതൃത്വത്തിന് മന്ത്രിയുടെ പ്രസ്താവനയോട് യോജിപ്പുണ്ടോയെന്ന് അറിയണം. ദേശീയപതാകയെ അംഗീകരിക്കാത്തവരാണ് കമ്യൂണിസ്റ്റുകാര്‍. ഇത്രയേറെ കരുത്തുറ്റതും ലോകത്തിന് തന്നെ മാതൃകയാക്കാവുന്നതുമായ ഭരണഘടനയാണ് ഇന്ത്യയുടേത്. 

വൈരുധ്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു രാജ്യത്തെ, ഒരു കലാപത്തിലൂടെയും ഒരിഞ്ചുഭൂമി പോലും നഷ്ടപ്പെടുത്താതെ ഭരണം നടത്താനും സാമ്പത്തികമായും വിദ്യാഭ്യാസപരമായും വ്യാവസായികപരമായും ലോകത്തിന് മുന്നില്‍ ഇന്ത്യ വിസ്മയമായി മാറുന്ന തരത്തില്‍ വികസിക്കാന്‍ കഴിഞ്ഞത് ഈ ഭരണഘടന അനുസരിച്ച് ഭരിച്ച സര്‍ക്കാരുകളാണ്. ഭരണഘടനയെ അനുസരിക്കാന്‍ കഴിയാത്തവര്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് വേണ്ടത്. 

പാര്‍ലമെന്ററി ജനാധിപത്യം പ്രവര്‍ത്തിക്കുന്നത് ഭരണഘടനാനുസൃതമായാണ്. ഭരണഘടനയില്‍ വിശ്വാസമില്ലാത്തവര്‍ മത്സരിക്കുന്നതെന്തിനാണ്?. നിങ്ങള്‍ എംഎല്‍എയോ എംപിയോ ആകണ്ട. ഈ രാജ്യത്തിന്റെ സക്രിയമായ പ്രവര്‍ത്തനങ്ങള്‍ക്ക് പാരവെക്കാന്‍, അധികാരത്തില്‍ ഇരിക്കാന്‍ അര്‍ഹതയില്ലെന്ന് സ്വയം തെളിയിച്ച സജി ചെറിയാന്‍ അടക്കമുള്ളവര്‍ ഒന്നുകില്‍ ഈ നാടിനോടൊപ്പം പോകണം. അല്ലെങ്കില്‍ അവര്‍ എന്തിന് ഇന്ത്യയില്‍ നില്‍ക്കുന്നു. അവര്‍ ആരുടെ താല്‍പ്പര്യമാണ് സംരക്ഷിക്കുന്നത്?. നിയമമുള്ളതു കൊണ്ടല്ലേ രാജ്യം 75 വര്‍ഷമായി നിലനില്‍ക്കുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.

ഭരണഘടനയില്‍ വിശ്വാസമില്ലാത്ത കൂട്ടരാണ് മാര്‍ക്‌സിസ്റ്റുകാരും ആര്‍എസ്എസുകാരും. സിപിഎമ്മിന്റെ ബുദ്ധിയുള്ള ആളുകള്‍ ഇതു തിരുത്തണം. മുഖ്യമന്ത്രിക്ക് ബുദ്ധിയുണ്ടോ എന്ന് തനിക്കറിയില്ല.  സജി ചെറിയാനെ മന്ത്രിസ്ഥാനത്തു നിന്നും മുഖ്യമന്ത്രി നീക്കണം. നീക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിന്റെ കാര്യകാരണങ്ങള്‍ ഈ രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്തണം. മുഖ്യമന്ത്രി നടപടിയെടുത്തില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിനിറങ്ങും. നിയമപരമായ നടപടികളും ആരംഭിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കാം  

പഞ്ചാബ് മോഡൽ പ്രസംഗത്തിനേക്കാൾ അപകടകരം; ഏത് ഭരണഘടനയാണ് സജി ചെറിയാൻ വായിച്ചത്?:  കെ സുരേന്ദ്രൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ