സിപിഎമ്മിന് ഭരണഘടനയോട് പുച്ഛം; രാജി വെച്ചില്ലെങ്കില്‍ നിയമനടപടി: കെ സുധാകരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th July 2022 02:30 PM  |  

Last Updated: 06th July 2022 02:30 PM  |   A+A-   |  

k_sudhakaran

കെ സുധാകരന്‍ / ഫയല്‍

 

തിരുവനന്തപുരം: സിപിഎമ്മിന് ഭരണഘടനയോട് പുച്ഛമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സജി ചെറിയാനെതിരെ നടപടി വേണം. രാജിക്കായി പ്രതിപക്ഷപാര്‍ട്ടികള്‍ സമര രംഗത്തിറങ്ങും. സജി ചെറിയാനേക്കാള്‍ വലിയ കുറ്റം ചെയ്തയാള്‍ ഇതുവരെ രാജിവെക്കാന്‍ ആലോചിച്ചിട്ടില്ലാത്ത പാര്‍ട്ടിയാണ്. ആ മുന്നണിയ്ക്കകത്ത് ശരിയും തെറ്റും തീരുമാനിക്കുന്നത് ഒരു വ്യക്തിയാണ്. ആ വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസൃതമായിട്ടാണ് തീരുമാനങ്ങളെന്നും സുധാകരന്‍ പറഞ്ഞു.

അത് ഭരണഘടനാപരമാകണമെന്നില്ല, സംഘടനാ ചിട്ടവട്ടങ്ങള്‍ക്ക് അനുസൃതമാകണമെന്നില്ല. രാഷ്ട്രീയപാരമ്പര്യങ്ങള്‍ക്കും രാഷ്ട്രീയ കീഴ് വഴക്കങ്ങള്‍ക്കും അനുസൃതമാകണമെന്നില്ല. കാരണം ഒരു വ്യക്തിയുടെ രാഷ്ട്രീയ ചിന്തയില്‍ പാര്‍ട്ടിയെ കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഎം. സജി ചെറിയാന്റെ രാജിക്കായി കോണ്‍ഗ്രസ് സമ്മര്‍ദ്ദം തുടരും. നിയമനടപടിയുമായി മുന്നോട്ടു പോകും. രണ്ടു ദിവസത്തിനകം കോടതിയെ സമീപിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. 

സിപിഎമ്മിനൊപ്പം ഇടുപക്ഷത്തു നില്‍ക്കുന്ന പാര്‍ട്ടികള്‍ വരെ വിയോജിപ്പ് സൂചിപ്പിച്ചിട്ടുണ്ട്. എന്തു പറഞ്ഞാലും അദ്ദേഹം പറയുന്നത് ഭരണഘടനാ ലംഘനമല്ലെന്ന്. പിന്നെ എന്താണ് ഭരണഘടനാ ലംഘനം?. സജി ചെറിയാന് ഇത് ഭരണഘടനാ ലംഘനമല്ലെങ്കില്‍ ബാലകൃഷ്ണപിള്ളയ്ക്ക് എങ്ങനെയാണ് ഭരണഘടനാ വിരുദ്ധമാകുന്നത്?. ബാലകൃഷ്ണ പിള്ള രാജിവെക്കാന്‍ പ്രക്ഷോഭം നടത്തിയവരാണ് ഇടതുപക്ഷം. ആ പ്രക്ഷോഭം നടത്തിയവര്‍ ഇപ്പോള്‍ എന്തുകൊണ്ട് മാറിപ്പോകുന്നു. ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്നും കെ സുധാകരന്‍ പറഞ്ഞു. 

ഭരണഘടനയെന്നല്ല, ഒരു രാഷ്ട്രീയപാരമ്പര്യത്തോടും അവര്‍ക്ക് പുച്ഛമാണ്. അതെല്ലാകാലത്തും പിണറായി വിജയനും സിപിഎം നേതാക്കളും പ്രകടിപ്പിക്കാറുണ്ട്. സജി ചെറിയാനെതിരെ നടപടി വേണം. നടപടി എടുത്തില്ലെങ്കില്‍ പ്രതിപക്ഷം നിയമനടപടി സ്വീകരിക്കും. സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പ്രസംഗത്തില്‍ പ്രതിഷേധിച്ച് മറ്റന്നാള്‍ വൈകീട്ട് നാലുമണി മുതല്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭരണഘടനാ പ്രതിജ്ഞ എടുക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഉചിതമായ നടപടി സംസ്ഥാനത്തെന്ന് യെച്ചൂരി; സെക്രട്ടേറിയറ്റ് നാളെ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ