എകെജി സെന്ററില്‍ നിര്‍ണായക ചര്‍ച്ചകള്‍; സജി ചെറിയാനെ വിളിച്ചുവരുത്തി; എജിയോട് നിയമോപദേശം തേടി സര്‍ക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th July 2022 11:41 AM  |  

Last Updated: 06th July 2022 11:45 AM  |   A+A-   |  

saji_cheriyan1

സജി ചെറിയാന്‍ എകെജി സെന്ററില്‍

 

തിരുവനന്തപുരം: ഭരണഘടനയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ സജി ചെറിയാന്‍ രാജിവയ്ക്കണമെന്നാശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെ തലസ്ഥാനത്ത് നിര്‍ണായക ചര്‍ച്ചകള്‍. സിപിഎം അവയിലബിള്‍ സെക്രട്ടറിയേറ്റ് എകെജി സെന്ററില്‍ ചേരുകയാണ്.  മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും എ വിജയരാഘവനും ടിപി രാമകൃഷ്ണനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 

യോഗത്തിലേക്ക് മന്ത്രി സജി ചെറിയാനെയും വിളിച്ചുവരുത്തിയിട്ടുണ്ട്. യോഗം തുടങ്ങിയതിനുശേഷമാണ് സജി ചെറിയാന്‍ എകെജി സെന്ററിലേക്ക് എത്തിയത്. എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ സജി ചെറിയാന്‍ തയാറായില്ല. മന്ത്രിക്ക് പാര്‍ട്ടി പിന്തുണ പ്രഖ്യാപിക്കുമോ, ഇല്ലയോ എന്ന കാര്യത്തില്‍ ഈ യോഗത്തിനു ശേഷം വ്യക്തതയുണ്ടാകും. ഇന്ന് വൈകിട്ട് മന്ത്രിസഭായോഗവും ചേരുന്നുണ്ട്. 

പ്രതിപക്ഷ പാര്‍ട്ടികള്‍ സജി ചെറിയാനെതിരെ ഗവര്‍ണര്‍ക്കു പരാതി നല്‍കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏജിയോട് നിയമോപദേശം തേടിയിരുന്നു. രാജിവയ്‌ക്കേണ്ട സാഹചര്യമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ഏജിയുമായുള്ള ചര്‍ച്ച തുടരുകയാണ്. 

മന്ത്രിയുടെ നാക്കു പിഴയാണെന്നും രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നുമാണ് ഇന്നലെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞത്. എന്നാല്‍, പ്രതിപക്ഷം വിഷയം ഏറ്റെടുക്കുകയും ഗവര്‍ണറുടെ ഭാഗത്തുനിന്ന് എതിരായ തീരുമാനം ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യവും പാര്‍ട്ടി കണക്കിലെടുക്കുന്നു. മുഖ്യമന്ത്രി അന്തിമ തീരുമാനം എടുക്കട്ടെ എന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍.

ഭരണഘടനയോട് കൂറുപുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഭരണഘടനയെ തള്ളിപ്പറഞ്ഞത് കോടതിയില്‍ തിരിച്ചടിയാകുമെന്നാണ് പാര്‍ട്ടിക്കു ലഭിച്ച നിയമോപദേശം. സജി ചെറിയാന്റെ പ്രസംഗത്തില്‍ സിപിഐയും വിയോജിപ്പ് അറിയിച്ചിരുന്നു. ഭരണഘടനയ്ക്കെതിരായ പരാമര്‍ശം ഗുരുതരവും അനുചിതവുമാണെന്ന് സിപിഐ വിലയിരുത്തല്‍ ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്നും സിപിഐ ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സജി ചെറിയാന്റെ രാജിക്കായി മുറവിളി; പ്രതിപക്ഷ പ്രതിഷേധം; എട്ടു മിനിട്ടു കൊണ്ട് സഭ പിരിഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ