എംഎല്‍എ ബോര്‍ഡു വെച്ച കാറില്‍ നിയമസഭയില്‍; മന്ത്രിസ്ഥാനം രാജിവെച്ചതില്‍ പ്രയാസമില്ല, അഭിമാനം മാത്രമെന്ന് സജി ചെറിയാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th July 2022 09:16 AM  |  

Last Updated: 07th July 2022 09:16 AM  |   A+A-   |  

saji_new

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതില്‍ ഒരു വിഷമവുമില്ലെന്ന് സജി ചെറിയാന്‍. ഒരു പ്രയാസവുമില്ല. അഭിമാനം മാത്രമേയുള്ളൂവെന്നും സജി ചെറിയാന്‍ പറഞ്ഞു. രാവിലെ നിയമസഭയിലേക്ക് പുറപ്പെടുമ്പോഴാണ് സജി ചെറിയാന്റെ പ്രതികരണം. എംഎല്‍എ ബോര്‍ഡു വെച്ച കാറിലാണ് സജി ചെറിയാന്‍ ഇന്ന് നിയമസഭയിലെത്തിയത്. സഭയില്‍ സജി ചെറിയാന്റെ ഇരിപ്പിടവും മാറി. മുന്‍മന്ത്രി കെ കെ ശൈലജയ്ക്ക് സമീപത്ത് രണ്ടാം നിരയിലാണ് ഇനി സജി ചെറിയാന്റെ ഇരിപ്പിടം.

അതേസമയം ഭരണഘടനയെ അവഹേളിച്ചു എന്ന പരാതിയില്‍ മുന്‍മന്ത്രി സജി ചെറിയാനെതിരെ പൊലീസ് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും. സജി ചെറിയാനെതിരെ കേസെടുക്കണമെന്ന് തിരുവല്ല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. കീഴ്‌വായ്പൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. 

മുന്‍മന്ത്രിയുടെ പ്രസംഗം ഭരണഘടനയെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബിജു നോയല്‍ എന്ന അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ കേസടുക്കേണ്ടി വരും. അതിനാലാണ് ഇന്ന് തന്നെ നടപടിയിലേക്ക് കടക്കാന്‍ പൊലീസ് തയ്യാറെടുക്കുന്നത്. 

അതേസമയം മുന്‍ മന്ത്രിക്കെതിരെ ഏതൊക്കെ വകുപ്പുകളാണ് ചുമത്തേണ്ടത് എന്ന കാര്യത്തില്‍ പൊലീസിന് ആശയ കുഴപ്പം തുടരുകയാണ്. കഴിഞ്ഞ ദിവസം പൊലീസ് മല്ലപ്പള്ളിയിലെ സജി ചെറിയാന്റെ പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ചിരുന്നു. തിരുവല്ല കോടതി കേസ് നാളെ പരിഗണിക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഭരണഘടനാ വിരുദ്ധ പ്രസം​ഗം: സജി ചെറിയാനെതിരെ പൊലീസ് ഇന്ന് കേസെടുത്തേക്കും; വകുപ്പുകളിൽ ആശയക്കുഴപ്പം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ