'സജി ചെറിയാന്‍ പ്രസംഗത്തിലെ വീഴ്ച മനസിലാക്കി'; രാജി ഉചിതമെന്ന് സിപിഎം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th July 2022 01:54 PM  |  

Last Updated: 08th July 2022 01:54 PM  |   A+A-   |  

KODIYERI

കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട്

 

തിരുവനന്തപുരം:  മന്ത്രിയായിരിക്കേ, സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ തള്ളി സിപിഎം. ഭരണഘടനയെ വിമര്‍ശിച്ചതില്‍ തെറ്റു പറ്റിയെന്ന് സജി ചെറിയാന്‍ പാര്‍ട്ടിയോട് സമ്മതിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെറ്റു പറ്റിയത് കൊണ്ടാണ് അദ്ദേഹം രാജിവെച്ചത്. അല്ലായിരുന്നുവെങ്കില്‍ അദ്ദേഹം മന്ത്രിയായി തുടരുമായിരുന്നില്ലേ എന്ന് കോടിയേരി ചോദിച്ചു.

മന്ത്രിയുടെ രാജി സന്ദര്‍ഭോചിതമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ നിലപാടിന്റെ കൂടി അടിസ്ഥാനത്തിലാണ് അദ്ദേഹം രാജിവെച്ചത്. രാജിയോടെ
ഇതുസംബന്ധിച്ച ചര്‍ച്ചയ്ക്ക് പ്രസക്തി നഷ്ടമായതായും കോടിയേരി പറഞ്ഞു. 

തന്റെ പ്രസംഗത്തില്‍ വീഴ്ചകള്‍ സംഭവിച്ചു എന്ന് മനസിലാക്കിയ സജി ചെറിയാന്‍ പെട്ടെന്ന് തന്നെ രാജിവെയ്ക്കാന്‍ സന്നദ്ധത കാണിക്കുകയായിരുന്നു. ഉന്നത ജനാധിപത്യ മൂല്യമാണ് അദ്ദേഹം ഉയര്‍ത്തിപിടിച്ചത്. ഒരു മാതൃക കൂടിയാണ് അദ്ദേഹം സൃഷ്ടിച്ചത്. ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിച്ച പാര്‍ട്ടിയാണ് സിപിഎം. പാര്‍ട്ടിയുടെ ഭരണഘടനയില്‍ ഇക്കാര്യം പറയുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

മന്ത്രിസഭാ വികസന കാര്യം പാര്‍ട്ടി ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ല. സജി ചെറിയാന്റെ വകുപ്പുകള്‍ മറ്റു മന്ത്രിമാര്‍ക്ക് വീതിച്ചു കൊടുക്കും. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയെന്നും കോടിയേരി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

കാട്ടാന ആക്രമണം: ശിവരാമന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം; ആനയെ മയക്കു വെടിവയ്ക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ