സെക്‌സിനു ശേഷം ബന്ധത്തില്‍നിന്നു പിന്‍മാറിയതു കൊണ്ടു മാത്രം ബലാത്സംഗ കുറ്റം നിലനില്‍ക്കില്ല: ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th July 2022 04:45 PM  |  

Last Updated: 08th July 2022 04:45 PM  |   A+A-   |  

Subsequent Refusal To Marry After Sex

പ്രതീകാത്മക ചിത്രം

 

കൊച്ചി: ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം വിവാഹം കഴിക്കാതിരിക്കുകയോ ബന്ധം മുന്നോട്ടുകൊണ്ടുപോവാന്‍ വിസമ്മതിക്കുകയോ ചെയ്യുന്നതുകൊണ്ടു മാത്രം ബലാത്സംഗ കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. പരസ്പര സമ്മതത്തോടെ പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതില്‍ ബലാത്സംഗ കുറ്റം ബാധകമാവണമെങ്കില്‍ സമ്മതം തെറ്റായതോ തെറ്റിദ്ധരിപ്പിച്ചു നേടിയതോ ആയിരിക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 

സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍, കേന്ദ്ര സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കോണ്‍സലിന് ജാമ്യം നല്‍കിക്കൊണ്ടുള്ള വിധിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍. രണ്ടു പേര്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം, സമ്മതം സാധുവായിരിക്കുന്നിടത്തോളം ബലാത്സംഗമല്ല. ലൈംഗിക ബന്ധത്തിനു ശേഷം വിവാഹത്തിനു സമ്മതിക്കാതിരിക്കുന്നതോ ബന്ധം മുന്നോട്ടുകൊണ്ടുപോവാന്‍ വിസമ്മതിക്കുന്നതോ ബലാത്സംഗ കുറ്റം നിലനില്‍ക്കാന്‍ മതിയായ കാരണമല്ല. ലൈംഗിക ബന്ധം സ്ത്രീയുടെ ഇച്ഛയ്‌ക്കോ സമ്മതത്തിനോ എതിരായിരിക്കുകയോ വ്യാജമായ മാര്‍ഗത്തിലൂടെ അതിനു സമ്മതം നേടിയെടുക്കുകയോ ചെയ്യുമ്പോഴേ ബലാത്സംഗക്കുറ്റം നിലനില്‍ക്കൂവെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ചൂണ്ടിക്കാട്ടി.

വിവാഹ വാഗ്ദാനം ചെയ്തുള്ള ലൈംഗിക ബന്ധം ബലാത്സംഗമാവണമെങ്കില്‍ വാഗ്ദാനം ദുരുദ്ദേശ്യത്തോടെയുള്ളതായിരിക്കണം. പാലിക്കണമെന്ന ഉദ്ദേശത്തോടെയല്ല വാഗ്ദാനം നല്‍കിയത് എന്നു ബോധ്യപ്പെടണം. വിവാഹ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് ലൈംഗിക ബന്ധത്തിന് സ്ത്രീ തയ്യാറായതെന്നും തെളിയേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിവാഹ വാഗ്ദാന ലംഘനത്തെ ബലാത്സംഗമായി കാണാനാവില്ല; സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ അഭിഭാഷകന് ജാമ്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ