'സിപിഐയ്ക്ക് എതിരെ സംസാരിക്കാന്‍ വളര്‍ന്നിട്ടില്ല; എച്ച് സലാം കരിമണല്‍ കമ്പനികള്‍ക്ക് വേണ്ടി നില്‍ക്കുന്നു', അമ്പലപ്പുഴ എംഎല്‍എയ്ക്ക് എതിരെ വീണ്ടും ആഞ്ചലോസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th July 2022 08:48 PM  |  

Last Updated: 09th July 2022 08:48 PM  |   A+A-   |  

anjalos-salam

ടി ജെ ആഞ്ചലോസ്, എച്ച് സലാം


ആലപ്പുഴ: തോട്ടപ്പള്ളി കരിമണല്‍ ഖനന വിഷയത്തില്‍ അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമിന് എതിരെ വിമര്‍ശനം കടുപ്പിച്ച് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്. എച്ച് സലാം സിപിഐയെ അപമാനിക്കാന്‍ ശ്രമിക്കുന്നു. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല സിപിഐ എന്നും അദ്ദേഹം തുറന്നിടിച്ചു. 

കരിമണല്‍ ഖനനത്തില്‍ കമ്പനികള്‍ക്ക് വേണ്ടിയാണ് സലാം നില്‍ക്കുന്നത്. മന്ത്രിസഭാ തീരുമാന പ്രകാരമാണ് ഖനനം നടത്തുന്നത് എന്ന സലാമിന്റെ നിലപാട് തെറ്റാണ്. സിപിഎം-സിപിഐ പ്രശ്‌നമാക്കാനാണ് ശ്രമിക്കുന്നത്. ഖനനം നിര്‍ത്തിയാല്‍ പ്രശ്‌നം തീരും. ഇരട്ടത്താപ്പ് ഇനിയും തുറന്നു കാട്ടും. സിപിഐയ്ക്ക് എതിരെ സംസാരിക്കാന്‍ എച്ച് സലാം വളര്‍ന്നിട്ടില്ല'- ടി ജെ ആഞ്ചലോസ് പറഞ്ഞു. 

നേരത്തെ, ഖനനത്തെ ചൊല്ലി എച്ച് സലാമും ടി ജെ ആഞ്ചലോസും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരണവുമായി ഇരുവരും രംഗത്തുവന്നത്. 

തോട്ടപ്പള്ളി പൊഴിമുഖത്തെ ധാതുമണലെടുപ്പ് സലാമിന്റെ നേതൃത്വത്തില്‍ തടഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ധാതുക്കള്‍ വേര്‍തിരിച്ചതിന് ശേഷം ബാക്കിവരുന്ന മണല്‍ പുറക്കാട് പഞ്ചായത്തിന്റെ തീരത്ത് നിക്ഷേപിക്കുന്നതില്‍ കെഎംഎലും ഐആര്‍ഇയും അനാസ്ഥ കാട്ടിയെന്ന് ആരോപിച്ചായിരുന്നു എച്ച് സലാം മണലെടുപ്പ് തടഞ്ഞത്.

ഇതിന്റെ വാര്‍ത്ത ടി ജെ ആഞ്ചലോസ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് വാക്പ്പോര് ആരംഭിച്ചത്. 'മെയ് മാസത്തെ ആദ്യ ഞായറാഴ്ച ലോക ചിരിദിനം' എന്നായിരുന്നു വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ട് ആഞ്ചലോസ് കുറിച്ചത്.

ഇതിന് മറുപടിയുമായി എച്ച് സലാം രംഗത്തെത്തി. 'സിപിഐയുടെ ജില്ലാ സെക്രട്ടറിയായ മഹാനായ നേതാവിനോട് അനുവാദം ചോദിക്കാന്‍ കഴിഞ്ഞില്ല. ക്ഷമിക്കണേ സിംഹമേ' എന്നായിരുന്നു സലാമിന്റെ പരിഹാസം.പിന്നീട് ആഞ്ചലോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സലാം രംഗത്തെത്തി. സിപിഐ ജില്ലാ സെക്രട്ടറി പദവിയുടെ ഔന്നത്യം ഉയര്‍ത്തിപ്പിടിക്കണമെന്ന് സലാം ആവശ്യപ്പെട്ടു. തീരം സംരക്ഷിക്കാനാണ് മണലെടുപ്പ് തടഞ്ഞത്. ഇക്കാര്യത്തില്‍ വ്യക്തത വേണമെങ്കില്‍ സ്വന്തം പാര്‍ട്ടിക്കാരനായ മന്ത്രി പി പ്രസാദിനോട് ചോദിച്ചാല്‍ മതി. സര്‍ക്കാര്‍ നിലപാടിനൊപ്പം നല്‍ക്കുകയാണ് ടി.ജെ.ആഞ്ചലോസ് ചെയ്യേണ്ടതെന്നും സലാം പ്രതികരിച്ചു.

ഇതിന് പിന്നാലെ, മണലെടുപ്പ് തുടരുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ആഞ്ചലോസ് രംഗത്തെത്തി. ' തോട്ടപ്പള്ളി ഇന്നത്തെ പ്രഭാതം, സിംഹങ്ങള്‍ക്ക് തൊലിക്കട്ടി കുറവാണ്, ട്രോളല്ല' എന്നായിരുന്നു ആഞ്ചലോസിന്റെ കുറിപ്പ്.

ആദ്യം മണലെടുപ്പിന് അനുകൂലമായിരുന്ന സിപിഎം പിന്നീട് നിലപാട് മാറ്റിയിരുന്നു. കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒഴിവാക്കാന്‍ മണലെടുക്കാം എന്നായിരുന്നു സിപിഎമ്മിന്റെ ആദ്യ നിലപാട്. എന്നാല്‍ ഇപ്പോള്‍ മണലെടുപ്പ് തടയുന്നത് എന്തിനാണ് എന്നാണ് സിപിഐ ചോദിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കാം റോജി എം ജോണ്‍ എഐസിസി സെക്രട്ടറി; കര്‍ണാടകയില്‍ ചാര്‍ജ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ