ഉറങ്ങിക്കിടന്ന നാല് വയസുകാരന്റെ മൂക്കിൽ പാമ്പ് കടിച്ചു; ദാരുണാന്ത്യം
By സമകാലിക മലയാളം ഡെസ്ക് | Published: 10th July 2022 10:53 AM |
Last Updated: 10th July 2022 10:53 AM | A+A A- |

അദ്വിഷ് കൃഷ്ണ
പാലക്കാട്: ഉറങ്ങിക്കിടന്ന നാലരവയസുകാരൻ വീടിൻ്റെ മേൽക്കൂരയിൽ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് മരിച്ചു. പാലക്കാട് മലമ്പുഴയിൽ അകമലവാരം വലിയകാട് സ്വദേശി എൻ രവീന്ദ്രന്റെയും ബിബിതയുടെയും മകൻ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്. കുട്ടിയുടെ മൂക്കിലാണ് പാമ്പുകടിയേറ്റത്.
ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ അമ്മവീട്ടിൽ വച്ചാണ് പാമ്പുകടിയേറ്റത്. വീട്ടിലെ കിടപ്പുമുറിയിൽ നിലത്ത് പായ വിരിച്ച് ബിബിതയും കുഞ്ഞും ഉറങ്ങുകയായിരുന്നു. ഷീറ്റിട്ട വീടിന്റെ മേൽക്കൂരയിൽ നിന്നാണു പാമ്പു കുട്ടിയുടെ മുഖത്തു വീണത്. കുട്ടിയുടെ നിലവിളി കേട്ട് ഉണർന്ന അമ്മ പരിശോധിച്ചപ്പോഴാണ് അദ്വിഷിന്റെ മൂക്കിൽ ചോരപ്പാടുകൾ കണ്ടത്. കട്ടിലിനടിയിൽ പാമ്പിനെ കണ്ടെത്തി.
കുട്ടിയെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. ശംഖുവരയനാണ് കടിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
കൊട്ടേക്കാട് കാളിപ്പാറ വികെഎൻ എൽപി സ്കൂളിൽ യുകെജി വിദ്യാർഥിയാണ്. ഇതേ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയായ അദ്വൈദാണു സഹോദരൻ.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഈദ്ഗാഹിനിടെ കോഴിക്കോട് വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ