കോവിഡ് വാക്സിന് എടുത്തതിന് പിന്നാലെ ഛര്‍ദ്ദിയും പനിയും; പന്ത്രണ്ടുകാരി മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 10th July 2022 09:50 PM |
Last Updated: 10th July 2022 09:50 PM | A+A A- |

പ്രതീകാത്മക ചിത്രം
കോട്ടയം: പനിയും ഛര്‍ദിയും ബാധിച്ച് 12കാരി മരിച്ചു. കുമാരനല്ലൂര്‍ എസ്എച്ച് മൗണ്ട് പുത്തന്‍പറമ്പില്‍ അനില്‍കുമാര്‍-അജിത ദമ്പതികളുടെ മകള്‍ ദേവിയാണ് മരിച്ചത്. ശനിയാഴ്ച അതിരമ്പുഴ പിഎച്ച്സിയില്‍ നിന്ന് കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്സിന് ദേവി എടുത്തിരുന്നു. രാത്രിയായപ്പോള്‍ രണ്ടു തവണ ഛര്‍ദ്ദിച്ചു. നേരിയ തോതില്‍ പനിയും ഉണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയോടു കൂടി കടുത്ത പനി ബാധിക്കുകയും വീണ്ടും നിരവധി തവണ ഛര്‍ദിക്കുകയും ചെയ്തു. ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചുവെങ്കിലും, യാത്രമധ്യേ കുട്ടി മരിക്കുകയായിരുന്നു.
ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അതേസമയം, ശനിയാഴ്ച 174 പേര്‍ക്ക് കുട്ടികള്‍ക്കുള്ള കോര്‍ബിവാക്സ് നല്‍കിയിട്ടുണ്ടെന്നും മറ്റാര്‍ക്കും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അതിരമ്പുഴ പിഎച്ച്സി അധികൃതര്‍ പറഞ്ഞു.
മരിച്ച നിലയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്നും പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ കൃത്യമായ മരണകാരണം പറയുവാന്‍ കഴിയൂവെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടികെ ജയകുമാര്‍ പറഞ്ഞു. എസ്എച്ച് മൗണ്ട് സെന്റ് മാര്‍സലനിനാസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ദേവി. സഹോദരി: ദുര്‍ഗ.
ഈ വാർത്ത കൂടി വായിക്കാം മലപ്പുറത്ത് ലോറി ഇടിച്ച് രണ്ടുപേര്‍ മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ