'പള്‍സര്‍ സുനി കുറ്റവാളിയാണെന്ന് അറിഞ്ഞിട്ടും നടപടി എടുത്തില്ല'; ശ്രീലേഖയ്ക്ക് എതിരെ പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th July 2022 09:17 PM  |  

Last Updated: 11th July 2022 09:32 PM  |   A+A-   |  

r_sreelekha

ആര്‍ ശ്രീലേഖ

 

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് എതിരെ പരാതി. പള്‍സര്‍ സുനി കുറ്റക്കരാനാണ് എന്നറിഞ്ഞിട്ടും നടപടി എടുക്കാതെ സംരക്ഷിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രൊ. കുസുമം ജോസഫ് ആണ് പരാതി നല്‍കിയത്. തൃശൂര്‍ റൂറല്‍ എസ്പിക്കാണ് പരാതി നല്‍കിയത്. പള്‍സര്‍ സുനി നേരത്തെയും നടിമാരെ തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക് മെയില്‍ ചെയ്തിട്ടുണെന്ന് ശ്രീലേഖ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞിരുന്നു. 

ക്രിമിനല്‍ കുറ്റകൃത്യത്തെ കുറിച്ച് കൃത്യമായ അറിവ് ലഭിച്ചിട്ടും ഉന്നത പൊലീസ് ഉദ്യോഗസ്ഥയായ ശ്രീലേഖ ഐപിഎസ് കുറ്റവാളിക്ക് എതിരെ കേസെടുത്ത് നടപടികള്‍ സ്വീകരിക്കാതെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തി പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിയില്‍ പറയുന്നു. 

പള്‍സര്‍ സുനിക്കെതിരെ കുറ്റകൃത്യം അറിഞ്ഞയുടനെ കേസെടുത്തിരുന്നെങ്കില്‍ പിന്നീടുള്ള പല ലൈംഗിക അതിക്രമങ്ങളും തടയാന്‍ കഴിയുമായിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡില്‍ ഉള്‍പ്പെട്ട ഒരു കുറ്റകൃത്യം നടന്നിട്ട് കേസെടുക്കാതിരിക്കുന്നത് സമൂഹത്തോട് ചെയ്യുന്ന വലിയ തെറ്റാണ്. സ്ത്രീകള്‍ക്ക് എതിരെ ആവര്‍ത്തിച്ച് ലൈംഗിക കുറ്റകൃത്യം ചെയ്യുന്ന ക്രിമിനലാണ് അയാള്‍ എന്ന് ഒരു വനിതാ പൊലീസ് ഓഫീസര്‍ക്ക് മനസ്സിലായിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നത് ഞെട്ടിക്കുന്നു എന്നും പരാതിയില്‍ പറയുന്നു.

പള്‍സര്‍ സുനിക്ക് നേരത്തെ മോശമായ പശ്ചാത്തലമുണ്ടെന്ന് ശ്രീലേഖ പറഞ്ഞിരുന്നു.  എറണാകുളത്ത് ഏറെ നാള്‍ ജോലി ചെയ്ത തനിക്കിതറിയാമായിരുന്നു. തനിക്ക് വളരെ അടുപ്പമുള്ള രണ്ട് മൂന്ന് നടിമാര്‍ ഇയാളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. പല രീതിയിലും ഇയാള്‍ പലതും പറഞ്ഞ് അടുത്തൂകൂടി, ഡ്രൈവര്‍ ആയും മറ്റും പലരുടെയും വിശ്വാസ്യത മുതലെടുത്തു. ഈ നടിമാരെ പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോയി, മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക് മെയില്‍ ചെയ്ത കാര്യം തഎന്നോട് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം. 

അതേസമയം, ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റ് പുറത്ത്. ഇരുവരും തമ്മിലുള്ള അടുത്ത ബന്ധം വെളിപ്പെടുത്തുന്ന ചാറ്റ് റിപ്പോര്‍ട്ടര്‍ ചാനലാണ് പുറത്തുവിട്ടത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിയല്ലെന്ന ശ്രീലേഖയുടെ പ്രസ്താവന ചര്‍ച്ചയായ സാഹചര്യത്തിലാണ് ഇവര്‍ തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവന്നിരിക്കുന്നത്. 

2021ലെ വാട്‌സ്ആപ്പ് ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. 2021 മെയ് അഞ്ചുമുതല്‍ ജൂലൈ 1വരെ, വിവിധ ദിവസങ്ങളില്‍ ഇവര്‍ വാട്‌സ്ആപ്പിലൂടെ സംസാരിച്ചിട്ടുള്ളതായി വാട്‌സ്ആപ്പ് ചാറ്റില്‍ നിന്ന് വ്യക്തമാണ്. 

ദിലീപും ശ്രീലേഖയും തമ്മില്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ചാറ്റില്‍ വ്യക്തമാണ്. ഫ്രീ ആയിരിക്കുേേമ്പാള്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ആദ്യം 2021 മെയ് 23ന് മെസ്സേജ് അയച്ചിരിക്കുന്നത്. ദിലിപീനോട് സംസാരിക്കാന്‍ പറ്റിയതില്‍ സന്തോഷമുണ്ടെന്ന് വെളിപ്പെടുത്തുന്ന മെസ്സേജ് ശ്രീലേഖ തിരിച്ചയിച്ചിട്ടുണ്ട്. 

'സംസാരിക്കാന്‍ പറ്റിയപ്പോ എനിക്കും വലിയ സന്തോഷമായ്' എന്ന് ദിലീപ് ഇതിന് മറുപടി നല്‍കിയിരിക്കുന്നു. തന്റെ യൂട്യൂബ് ചാനലിന്റെ ലിങ്കുകളാണ് ശ്രീലേഖ കൂടുതല്‍ അയച്ചിട്ടുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 'അതിനേക്കാള്‍ വിലമതിക്കുന്ന മറ്റെന്തെങ്കിലും അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം'; ശ്രീലേഖയ്ക്കെതിരെ അതിജീവിതയുടെ കുടുംബം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ