ശബരിമല വിര്‍ച്വല്‍ ക്യു സംവിധാനം ഇനി ദേവസ്വം ബോര്‍ഡിന്; പമ്പയിലെയും നിലക്കലിലെയും സ്‌പോട്ട് ബുക്കിംഗ് കേന്ദ്രം തുടരും

ശബരിമല തീര്‍ഥാടകര്‍ക്കായി പൊലീസ് ആവിഷ്‌ക്കരിച്ച വിര്‍ച്വല്‍ ക്യൂ സംവിധാനത്തിന്റെ ഉടമസ്ഥത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൈമാറാന്‍ ഉന്നതതല തീരുമാനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്കായി പൊലീസ് ആവിഷ്‌ക്കരിച്ച വിര്‍ച്വല്‍ ക്യൂ സംവിധാനത്തിന്റെ ഉടമസ്ഥത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൈമാറാന്‍ ഉന്നതതല തീരുമാനം. ഹൈക്കോടതി വിധി അംഗീകരിച്ചാണിത്.  സംവിധാനത്തിന്റെ  നിയന്ത്രണത്തിലും  തീര്‍ഥാടകരുടെ സൂക്ഷ്മ പരിശോധനയിലും  പൊലീസ് സഹായം തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിലവില്‍ പൊലീസാണ് വിര്‍ച്വല്‍ ക്യൂ സംവിധാനം കൈകാര്യം ചെയ്യുന്നത്.

വിര്‍ച്വല്‍ ക്യൂവിന്  ദേവസ്വം ബോര്‍ഡ് പ്രത്യേക സംവിധാനം ഒരുക്കും. ഐടി വിഭാഗം ശക്തിപ്പെടുത്തും. ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ പരിശീലനം പൊലീസ് നല്‍കും. ആവശ്യമെങ്കില്‍ താല്‍ക്കാലിക സാങ്കേതിക സഹായവും നല്‍കും. 

പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലെ സ്ഥിരം പരിശോധനാ കേന്ദ്രവും സ്‌പോട്ട് ബുക്കിംഗ് കേന്ദ്രവും തുടരും. ഉത്സവ സീസണുകളില്‍ 11 കേന്ദ്രങ്ങളില്‍ പൊലീസ് നടപ്പാക്കി വരുന്ന സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങള്‍ ഇനി മുതല്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു നടത്തും. അതിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിന് പൊലീസ് സഹായം ഉണ്ടാവും. 

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാന പാലനത്തിനും ഭീഷണികളുണ്ടായാല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന്  പൊലീസിന്റെ നിയന്ത്രണം കൂടി ആവശ്യമുണ്ടെന്ന് യോഗം വിലയിരുത്തി.മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അഡ്വ. കെ അനന്തഗോപന്‍ , ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com