പെണ്‍സുഹൃത്തിനെ കാണാന്‍ പോയ യുവാവിന്റെ തിരോധാനം; കിരണ്‍ കടല്‍ തീരത്തേയ്ക്ക് ഓടുന്ന നിര്‍ണായക സിസിടിവി ദൃശ്യം കിട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th July 2022 08:36 AM  |  

Last Updated: 11th July 2022 09:02 AM  |   A+A-   |  

kiran

കിരണ്‍

 

തിരുവനന്തപുരം: പെണ്‍സുഹൃത്തിനെ കണ്ട് മടങ്ങുന്നതിനിടെ, ദുരൂഹ സാഹചര്യത്തില്‍ കാണാതായ കിരണിന്റെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി. ആഴിമല കടല്‍തീരത്തേക്ക് തിരുവനന്തപുരം മൊട്ടമൂട് സ്വദേശിയായ കിരണ്‍ ഓടുന്നതിന്റെ ദൃശ്യങ്ങളാണ് കിട്ടിയത്. 

ശനിയാഴ്ചയാണ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം കിരണ്‍ ഫെയ്‌സ് ബുക്ക് വഴി പരിചയപ്പെട്ട ആഴിമലയിലുള്ള പെണ്‍ സുഹൃത്തിനെ കാണാനെത്തുന്നത്. മടങ്ങുന്നതിനിടെ കിരണിനെയും സുഹൃത്തുക്കളെയും പെണ്‍കുട്ടിയുടെ സഹോദരനും രണ്ടു ബന്ധുക്കളും ചേര്‍ന്ന് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കിരണിനെ ബൈക്കിലും സുഹൃത്തുക്കളെ കാറിലും കയറ്റി ആഴിമല ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയ ശേഷം ആഴിമലക്ക് സമീപം വെച്ച് കിരണിനെ കാണാതാവുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ആഴിമലയിലെ ഒരു ആയൂര്‍വ്വേദ റിസോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് കിട്ടിയത്. ഇതില്‍ കിരണ്‍ കടല്‍തീരത്തേക്ക് ഓടുന്ന ദൃശ്യങ്ങളാണുള്ളത്. പക്ഷെ ആരും പിന്തുടരുന്നില്ല. ആഴിമല തീരത്തെത്തിയപ്പോഴേക്കും മര്‍ദ്ദനം ഭയന്ന കിരണ്‍ കടല്‍തീരത്തേക്ക് ഓടിയിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. 

ഒരു വര്‍ഷമായി കിരണും പെണ്‍കുട്ടിയും തമ്മില്‍ പരിചയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇടയ്ക്ക് കിരണിന്റെ ഫോണ്‍ നമ്പര്‍ പെണ്‍കുട്ടി ബ്ലോക്ക് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് കിരണ്‍ നേരിട്ട് കാണാനെത്തിയതെന്നാണ് പൊലീസ് പറയുന്നത്. 

വീട്ടിലേക്ക് വരരുതെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ കിരണിന്റെ അച്ഛനെ വിളിച്ച് താക്കീത് ചെയ്തിരുന്നു. ഇന്നലെ സുഹൃത്തുക്കള്‍ക്കൊപ്പം വീടിന് മുന്നില്‍ കിരണും സുഹൃത്തുക്കളുമെത്തിയത് പെണ്‍കുട്ടി സഹോദരനെ വിളിച്ചറിയിച്ചുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

അതിജീവിതയെ കാണാന്‍ പോലും തയ്യാറായില്ല; സോഷ്യല്‍മീഡിയയില്‍ വൈറലാകാനാണ് ശ്രീലേഖയുടെ ശ്രമമെന്ന് ഭാഗ്യലക്ഷ്മി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ