'മകള്‍ തന്റെയൊപ്പം സുരക്ഷിത; പിറ്റന്ന് രാവിലെ തിരികെ എത്തിക്കാം'; 14കാരിയുമായി കടന്ന ഡ്രൈവര്‍ അമ്മയോട് പറഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th July 2022 09:22 AM  |  

Last Updated: 13th July 2022 09:22 AM  |   A+A-   |  

shibin_driver

shibin_driver

 

പത്തനംതിട്ട: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ 32കാരനായ സ്വകാര്യബസ് ഡ്രൈവര്‍ ഷിബിനെ റിമാന്‍ഡ് ചെയ്തു. സ്‌കൂളിലേക്ക് പോയ സീതത്തോട് ആങ്ങമൂഴി സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്.വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ് പ്രതി. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്; മാതാവിന്റെ ഫോണില്‍നിന്നു കുട്ടി ഇയാളെ വിളിക്കാറുണ്ടായിരുന്നു. ഇത് മനസ്സിലാക്കി മാതാവ് കാള്‍ റെക്കോഡര്‍ സംവിധാനം ഫോണില്‍ ഏര്‍പ്പെടുത്തി. കുട്ടിയെ നിരീക്ഷിക്കുകയുംചെയ്തു. ഇതിനിടെ, ഷിബിന്‍ ചൊവ്വാഴ്ച വെളുപ്പിന് കുട്ടിയെ വശത്താക്കി കടത്തിക്കൊണ്ടുപോകുകയായിരുന്നു. കുട്ടി ഫോണില്‍ ഏറ്റവും ഒടുവില്‍ വിളിച്ച നമ്പറിലേക്ക് മാതാവ് വിളിച്ചപ്പോള്‍ മകള്‍ തന്റെയൊപ്പം സുരക്ഷിതയായി ഉണ്ടെന്നും പിറ്റന്ന് രാവിലെ തിരികെയെത്തിക്കാമെന്നും പ്രതികരിച്ചു.

വിദ്യാര്‍ഥിനിയെയുംകൊണ്ട് ഇയാള്‍ ആലപ്പുഴയിലും തുടര്‍ന്ന് ചേര്‍ത്തല, ഏറ്റുമാനൂര്‍ വഴി കോട്ടയത്തും എത്തി. പിന്നീട് മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡിനടുത്തുള്ള ലോഡ്ജില്‍ മുറിയെടുത്ത് തങ്ങി. സുഹൃത്തില്‍നിന്ന് കടംവാങ്ങിയ 500 രൂപയുമായാണ് പ്രതി കടന്നത്. ചേര്‍ത്തലയില്‍ എത്തിയപ്പോള്‍ കുട്ടിയുടെ കമ്മല്‍ ജൂവലറിയില്‍ വിറ്റ് 3500 രൂപ വാങ്ങി. ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മൂഴിയാര്‍ പൊലീസ് ഇരുവര്‍ക്കുമായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത് ഇവരെ കണ്ടെത്താന്‍ സഹായകമായി. 

പൊലീസ് ഇന്‍സ്പെക്ടര്‍ കെഎസ് ഗോപകുമാറിന്റെ നേതൃത്വത്തില്‍ ഹോട്ടലുകള്‍, ലോഡ്ജുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധന നടത്തി. ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ കുട്ടിയെ ഇയാള്‍ക്കൊപ്പം കണ്ടെത്തുകയായിരുന്നു.പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കുശേഷം കോഴഞ്ചേരി വണ്‍ സ്റ്റോപ്പ് സെന്ററില്‍ പാര്‍പ്പിച്ചു. പ്രതിക്കെതിരേ തട്ടിക്കൊണ്ടുപോകലിനും പോക്‌സോ നിയമപ്രകാരവും കേസെടുത്തതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

ഈ വാർത്ത കൂടി വായിക്കൂ 

കലൂരിലെ കഴുത്തറുത്ത് ആത്മഹത്യ; സൗഹൃദം തകര്‍ന്നതിലെ മനോവിഷമം എന്ന് മൊഴി; ദുരൂഹതയില്ലെന്ന് പൊലീസ്‌

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ