അന്വേഷണ സംഘത്തിനെതിരെ അതിജീവിതയുടെ ഹർജി, ഹൈക്കോടതി ഇന്ന് പരി​ഗണിക്കും: തുടരന്വേഷണം അവസാനിക്കാൻ രണ്ടുനാൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th July 2022 08:24 AM  |  

Last Updated: 13th July 2022 08:24 AM  |   A+A-   |  

dileep case

ഫയല്‍ ചിത്രം

 

കൊച്ചി; നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിനെതിരെ അതിജീവിത നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും. ദിലീപിന്‍റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ തയാറാകാത്ത അന്വേഷണ സംഘത്തിന്‍റെ നിലപാട് ചോദ്യം ചെയ്താണ് ഹർജി. അതിനിടെ  തുടരന്വേഷണം അവസാനിപ്പിക്കാൻ ഹൈക്കോടതി അനുവദിച്ച സമയ പരിധി മറ്റന്നാൾ അവസാനിക്കും. 

കേസിനെ സ്വാധീനിക്കാനും അട്ടിമറിക്കാനും ദിലീപിന്റെ അഭിഭാഷകർ ശ്രമിച്ചു. അഭിഭാഷകർക്കെതിരെ അന്വേഷണമാകാമെന്ന് കോടതിപോലും അനുമതി നൽകിയിട്ടും ഉന്നത സമ്മർദത്തെത്തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പിൻവലിഞ്ഞതെന്നാണ് അതിജീവിതയുടെ  ആരോപണം.

അന്വേഷണം മറ്റന്നാൾ അവസാനിക്കാനിരിക്കെ ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഫൊറൻസിക് പരിശോധനാ ഫലം കൂടി പരിശോധിച്ചശേഷമാകും അന്തിമ റിപ്പോർട്ട് നൽകുന്നതിൽ തീരുമാനമാകുക. മെമ്മറികാർഡ് അനധികൃതമായി തുറന്നിട്ടുണ്ടോ എന്ന് അറിയാനാണ് പരിശോധന. ദൃശ്യങ്ങൾ ചോർന്നതായി തെളിഞ്ഞാൽ കേസിൽ നിർണായകമാകും. ദിലീപിന്‍റെ സുഹൃത്തായ ശരത്തിനെ പ്രതിയാക്കിയാണ് തുടരന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.  

അതേസമയം, നടിയെ ആക്രമിച്ച കേസിൽ ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് പ്രതിയായ പൾസർ സുനി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. വിചാരണാ നടപടികള്‍ വൈകാൻ സാധ്യതയുള്ളതിനാൽ ജാമ്യം നൽകണമെന്ന് ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

തൃശൂർ ബാറിലെ കൊലപാതകം; ക്വട്ടേഷൻ നൽകിയത് ജീവനക്കാരൻ, ഏഴം​ഗ സംഘം അറസ്റ്റിൽ

 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ