അതൊക്കെ അരാഷ്ട്രീയ ബോംബാണോ?; 77ല്‍ സഭയിലെത്തിയത് ആര്‍എസ്എസ് പിന്തുണയില്‍ അല്ലേ?; വാക്‌പോര്

2020 മുതല്‍ ഇന്നേ വരെ 9 സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.  എത്ര കൊലപാതകങ്ങളെ നിങ്ങള്‍ അപലപിച്ചു?
പിണറായി വിജയന്‍ - വിഡി സതീശന്‍
പിണറായി വിജയന്‍ - വിഡി സതീശന്‍

തിരുവനന്തപുരം:  കണ്ണൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചത് നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയില്‍ ബോംബ് സ്‌ഫോടനങ്ങളും ആക്രമണങ്ങളും ആവര്‍ത്തിക്കുന്നതില്‍, ജനങ്ങളുടെ ആശങ്ക ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നല്‍കിയ നോട്ടിസിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മട്ടന്നൂര്‍ ചാവശേരി കാശിമുക്കിനു സമീപം പാഴ്വസ്തുക്കള്‍ ശേഖരിക്കുന്നതിനിടെ ലഭിച്ച സ്റ്റീല്‍ പാത്രം തുറക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് അസം സ്വദേശികള്‍ സ്‌ഫോടനത്തില്‍ മരിച്ച വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫാണ് അടിയന്തര പ്രമേയത്തിനു നോട്ടിസ് നല്‍കിയത്. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

ആര്‍എസ്എസ് പിന്തുണയോടുകൂടി ജയിച്ച് 1977ല്‍ നിയമസഭയില്‍ വന്നയാളാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഏത് ചെകുത്താനുമായും കൂട്ടുകൂടി കോണ്‍ഗ്രസിനെ തോല്‍പിക്കണം എന്നു പറഞ്ഞ് ആര്‍എസ്എസ് നേതാക്കളുമായി കൂട്ടുകൂടി എംഎല്‍എയായ ആളാണ് പിണറായി. ഒരു കോണ്‍ഗ്രസുകാരനും ആര്‍എസ്എസ് വോട്ടു കിട്ടി ജയിച്ച് നിയമസഭയിലെത്തിയിട്ടില്ലെന്നും അടിയന്തരപ്രമേയ നോട്ടിസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചശേഷം നടത്തിയ പ്രസംഗത്തില്‍ വിഡിസതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടി

ഇരിട്ടി ചാവശ്ശേരി മേഖല എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് തുടങ്ങിയ വര്‍ഗീയ സംഘടനകള്‍ക്ക് ചില പോക്കറ്റുകളുള്ള പ്രദേശങ്ങളാണ്. അവര്‍ പരസ്പരം കൊലപാതകങ്ങള്‍  നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി ആയുധശേഖരണം നടത്തുകയും ചെയ്യാറുണ്ടെന്ന് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കര്‍ശന നടപടികളിലൂടെ അത്തരം വസ്തുക്കള്‍ കണ്ടെത്തി നിര്‍വീര്യമാക്കാനും സമാധാനം സ്ഥാപിക്കാനും തുടര്‍ച്ചയായ ശ്രമങ്ങളാണ് സര്‍ക്കാര്‍ അവിടെ നടത്തുന്നത്. അതിന് കഴിഞ്ഞിട്ടുമുണ്ട്.

ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നവര്‍ കണ്ടെത്തിയ ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ ശേഖരിച്ച് സൂക്ഷിച്ചപ്പോള്‍ സ്ഫോടനമുണ്ടാവുകയും രണ്ടു പേര്‍ മരണമടയുകയും ചെയ്തത് തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവമാണ്. ഇത്തരം ശക്തികള്‍ പരസ്പരം പകപോക്കലിനായി സംഭരിച്ചതും ഉപേക്ഷിച്ചതുമായ ആയുധങ്ങളും മറ്റും എവിടെനിന്ന് ലഭ്യമായി, എന്താണ് അതിന്റെ ഉറവിടം എന്നിങ്ങനെയുള്ള വിശദാംശങ്ങള്‍ കണ്ടെത്താന്‍ ജാഗ്രതയോടെയുള്ള അന്വേഷണം പോലീസ് നടത്തുകയും കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യും.

വിഷയദാരിദ്ര്യമാണ് ഈ  പ്രമേയ നോട്ടീസിന് കാരണമെന്ന് വ്യക്തമായിക്കഴിഞ്ഞു. ഒരു ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായി. അതില്‍ കൃത്യമായ അന്വേഷണം നടക്കും. അതിന്റെ മറ പിടിച്ച് രാഷ്ട്രീയ നിലപാട് ഈ സഭയില്‍ ഉന്നയിക്കാനാണ് അവതാരകന്‍ ശ്രമിച്ചുകാണുന്നത്. ഈ നോട്ടീസില്‍ 'സിപിഎം കേന്ദ്രത്തില്‍നിന്ന്' എന്ന് ഒരിടത്തു പറയുന്നു. മറ്റൊരിടത്തും ഒരു രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ചും പരാമര്‍ശിച്ചില്ല. എന്തേ അതൊക്കെ അരാഷ്ട്രീയ ബോംബാണോ? അവിടെയാണ് കോണ്‍ഗ്രസിന്റെ ആര്‍എസ്എസ് ബന്ധവും വര്‍ഗീയ ശക്തികളോടുള്ള അമിതമായ താല്‍പര്യവും തെളിയുന്നത്. കണ്ണൂര്‍ ജില്ലയില്‍ സമാധാനത്തിന് ഭംഗമുണ്ടാക്കാന്‍ ശ്രമിക്കുന്നത് സിപിഎമ്മല്ല. ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നത് ആര്‍എസ്എസ്, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് എന്നിവരാണ്. ഇവരെക്കുറിച്ച് എന്തേ നോട്ടീസില്‍ ഒരക്ഷരം പരാമര്‍ശിച്ചില്ല?

കേരളത്തിന്റെ ക്രമസമാധാന നിലയെ കുറിച്ച് ഉത്കണ്ഠ നല്ലതു തന്നെ. ഇടതുപക്ഷത്തിന്റെ എത്രയോ പ്രവര്‍ത്തകര്‍ ഇവിടെ കൊല ചെയ്യപ്പെട്ടു? എത്ര ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു? പ്രതിഷേധ പരിപാടികളെന്ന് പറഞ്ഞു സിപിഎമ്മിന്റെ കൊടി പൊതുജനമധ്യത്തില്‍ കത്തിച്ചില്ലേ? സാമൂഹ്യ മാധ്യങ്ങളില്‍ അത് പ്രചരിപ്പിച്ചില്ലേ? ഒരിക്കലെങ്കിലും അതിനെയൊക്കെ അപലപിച്ചോ? തെറ്റാണെന്ന് പറഞ്ഞോ? 2020 മുതല്‍ ഇന്നേ വരെ 9 സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.  എത്ര കൊലപാതകങ്ങളെ നിങ്ങള്‍ അപലപിച്ചു? ഇതില്‍ 5 കൊലപാതകങ്ങള്‍ യുഡിഎഫ് തന്നെയാണ് ചെയ്തത്. കൊലപാതകികളെ  സംരക്ഷിക്കാനല്ലേ തയാറായത്?  കോളജ് വിദ്യാര്‍ത്ഥിയായ ധീരജിനെ കൊലപ്പെടുത്തിയപ്പോള്‍ 'ഇരന്നു വാങ്ങിയ രക്തസാക്ഷിത്വം' എന്ന് പറഞ്ഞതും പോരാ, ധീരജിന്റെ അനുഭവം ഉണ്ടാകും' എന്ന് ഭീഷണിപ്പെടുത്തിയത് ആരാണ്? ആ നേതാക്കള്‍ ഇപ്പോഴും നിങ്ങളെ നയിക്കുകയല്ലേ?  നാല് കൊലപാതകങ്ങള്‍  ആര്‍എസ്എസ്  നടത്തിയപ്പോള്‍  നിങ്ങളൊന്നു മിണ്ടിയോ? നാടിന്റെ ഓര്‍മ്മകള്‍ അങ്ങനെയൊന്നും നശിച്ചു പോകുന്നതല്ല.

ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഡി സി സി ഓഫീസില്‍ മൂന്നു തരം ബോംബ് നിര്‍മ്മിക്കുന്നുവെന്ന് മാധ്യമങ്ങളെ അറിയിക്കുക മാത്രമല്ല, അത് പ്രദര്‍ശിപ്പിക്കുകയും അതിന്റെ  ശക്തിയെക്കുറിച്ച് പറഞ്ഞവരുമല്ലേ നിങ്ങള്‍? കണ്ണൂര്‍ ഡി സി സി ഓഫീസില്‍ ബോംബ് പ്രദര്‍ശിപ്പിച്ചത് ആരെന്നത് സണ്ണി ജോസഫിനോട് ഞാന്‍ പറയേണ്ടതില്ലല്ലോ? ബോംബിന്റെ പൈതൃകം നിങ്ങളുടെ തലയില്‍ തന്നെയാണ്. ആ കോണ്‍ഗ്രസ് ഇന്ന് അവിശുദ്ധ കൂട്ടുകെട്ടുകളെക്കുറിച്ചുള്ള കഥകളില്‍ നിന്നും സ്വയം രക്ഷപ്പെടാന്‍ അടിസ്ഥാനരഹിതമായ കഥകള്‍ ചമയ്ക്കുന്നത് എത്രമാത്രം അപഹാസ്യമാണെന്ന് നിങ്ങള്‍ തന്നെ ആലോചിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.


വിഡി സതീശന്റെ വാക്കുകള്‍


സംസ്ഥാനത്തെ 80% സ്‌ഫോടനക്കേസും ഒരു തുമ്പുമില്ലാതെ അവസാനിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചതിനടുത്ത് ബോംബ് പൊട്ടിയ സംഭവത്തില്‍ ആരെയും അറസ്റ്റു ചെയ്തിട്ടില്ല. ആര്‍എസ്എസുകാര്‍ ഭീഷണിപ്പെടുത്തിയതിനാലാണ് അറസ്റ്റുണ്ടാകാത്തത്. മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിലെ പ്രതി കോവിഡ് വന്നപ്പോള്‍ പുറത്തിറങ്ങിയപ്പോഴാണ് പൊലീസ് അറസ്റ്റു ചെയ്തത്.

ബോംബ് ഉണ്ടാക്കുന്നതിനിടയില്‍ ഏഴ് സിപിഎം പ്രവര്‍ത്തകരും രണ്ടു ബിജെപി പ്രവര്‍ത്തകരും കൊലചെയ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്ക് അസം സ്വദേശികളായ അച്ഛനും മകനും ബോംബ് സ്‌ഫോടനത്തില്‍ മരിച്ചത് വിഷയമല്ല. ബോംബ് സ്‌ഫോടനം ആരും നടത്തിയാലും പ്രതികളെ കണ്ടെത്തണം. നിരപരാധികളായ എത്രയോ മനുഷ്യരാണ് ബോംബ് സ്‌ഫോടനത്തില്‍ മരിക്കുന്നത്. ബോംബ് സ്‌ഫോടനത്തില്‍ മരിച്ചവര്‍ പാര്‍ട്ടി രക്തസാക്ഷികളാണെന്നു പറഞ്ഞ പാര്‍ട്ടി സെക്രട്ടറിയാണ് ഇപ്പോള്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന് സമാധാനത്തെപ്പറ്റി ക്ലാസ് എടുക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com