'ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്ക് വീരകഥകളും സ്മാരകങ്ങളും ആശ്വാസമാവില്ല'; രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th July 2022 09:15 AM  |  

Last Updated: 13th July 2022 09:15 AM  |   A+A-   |  

kerala high court

ഹൈക്കോടതി/ഫയല്‍


കൊച്ചി: രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ ഹൈക്കോടതി. രക്തസാക്ഷി ദിനാചരണങ്ങൾ അമ്മമാരുടേയും വിധവകളുടേയും അനാഥരായ മക്കളുടേയും വേദനയ്ക്ക് പകരമാവില്ലെന്ന് കോടതി പറഞ്ഞു. സംസ്ഥാനത്തിന്റെ സാമൂഹിക കെട്ടുറപ്പിനെ ഈ  രാഷ്ട്രീയ പകപോക്കലും കൊലപാതകങ്ങളും കീറിമുറിക്കുന്നതായും ഹൈക്കോടതി അഭിപ്രായപ്പെട്ടു. 

രക്തക്കറ പുരണ്ട വീരകഥകളും രാഷ്ട്രീയ സ്മാരകങ്ങളും ഉറ്റവരെ നഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് ആശ്വാസമാകില്ല.  വാർഷിക അനുസ്മരണങ്ങൾ എതിരാളിയിൽ പകയുടെ കനൽ ആളിക്കത്തിക്കുകയാണ് ചെയ്യുന്നത്. നഷ്ടങ്ങൾ നേരിട്ടവരുടെ കണ്ണീരൊപ്പാൻ അത് ഉപകരിക്കില്ല. 

പ്രോസിക്യൂഷൻ പലപ്പോഴും കൊലപാതക കേസുകൾ തെളിയിക്കുന്നതിൽ പരാജയപ്പെടുന്നു. ഇതൊന്നും രാഷ്ട്രീയക്കാരുടെ കണ്ണു തുറപ്പിക്കുന്നില്ലെന്നു കോടതി പറഞ്ഞു. സിപിഎം പ്രവർത്തകൻ വിഷ്ണുവിനെ വധിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടാണ് കോടതിയുടെ പ്രതികരണം. 13 പ്രതികളെയാണ് വെറുതെ വിട്ടത്.

2008 ഏപ്രിൽ ഒന്നിനാണ് വിഷ്ണുവിനെ കൊലപ്പെടുത്തിയത്. കൈതമുക്ക് പാസ്പോർട്ട് ഓഫീസിന് മുന്നിൽ വെച്ചാണ് വിഷ്ണുവിനെ ആർഎസ്എസ് പ്രവർത്തകർ വെട്ടിയത്.  13 പ്രതികൾ കുറ്റക്കാരെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. 11 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും, പതിനഞ്ചാം പ്രതിക്ക് ജീവപര്യന്തവും, പതിനൊന്നാം പ്രതിക്ക് മൂന്ന് വർഷം തടവ്‌ ശിക്ഷയും നൽകി കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികൾ നൽകിയ അപ്പീലുകൾ അനുവദിച്ചുകൊണ്ടാണ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടത്. 

ഈ വാർത്ത കൂടി വായിക്കൂ 

കലൂരിലെ കഴുത്തറുത്ത് ആത്മഹത്യ; സൗഹൃദം തകര്‍ന്നതിലെ മനോവിഷമം എന്ന് മൊഴി; ദുരൂഹതയില്ലെന്ന് പൊലീസ്‌

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ