പാര്‍ട്ടിയെ വീണ്ടും ഐസിയുവിലാക്കുന്നു; പുനസംഘടനാ പട്ടികയ്‌ക്കെതിര രൂക്ഷവിമര്‍ശനവുമായി മുരളീധരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th July 2022 12:13 PM  |  

Last Updated: 14th July 2022 12:13 PM  |   A+A-   |  

k_muralidharan

കെ മുരളീധരനും വിഡി സതീശനും/ ചിത്രം ഫെയ്‌സ്ബുക്ക്‌

 

തിരുവന്തപുരം: കോണ്‍ഗ്രസ് പുനസംഘടനാ പട്ടികയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. തൃക്കാക്കരയിലൂടെ ആരോഗ്യത്തോടെ തിരികെ കൊണ്ടുവന്ന പാര്‍ട്ടിയെ വീണ്ടും ഐസിയുവിലാക്കാനാണ് നീക്കം. സ്ഥാനമാനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതംവച്ചതില്‍ അതിയായ ദുഃഖമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. 

പുനസംഘടന ഏത് രീതിയില്‍ നടത്തിയാലും എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ കഴിയില്ല. ശരിക്കുള്ള പാര്‍ട്ടിപ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊള്ളാനും കൂടുതല്‍ ആളുകള്‍ താഴെത്തട്ടില്‍ ഉണ്ടാകാനും സംഘടനാ തെരഞ്ഞടുപ്പ് നടത്തുകയെന്നതുമാത്രമെ പരിഹാരമുള്ളു. ഇടതുസര്‍ക്കാരിനെതിരായ ജനവികാരം വോട്ടാക്കി മാറ്റണമെങ്കില്‍  ശക്തമായി മിഷണറി ആവശ്യമാണ്. ആ മിഷണറി ഉണ്ടാകാന്‍ ഒരുസ്ഥലത്ത് നിന്ന് വേറെരാളെ ഇറക്കിയതുകൊണ്ടുകാര്യമില്ല. അതുമനസിലാക്കി സംസ്ഥാന, കേന്ദ്ര നേതൃത്വം മുന്നോട്ടുപോകുമെന്നാണ് തന്നെ പോലുള്ളവര്‍ പ്രതീക്ഷിക്കുന്നതെന്ന്  മുരളീധരന്‍ പറഞ്ഞു. 

ഇന്നലെ കെപിസിസി നേതൃത്വം 280 കെപിസിസി അംഗങ്ങളുടെയും 50 എഐസിസി അംഗങ്ങളുടെയും പട്ടിക ഹൈക്കമാന്‍ഡിന് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. കെപിസിസി അംഗങ്ങളുടെ പട്ടികയില്‍ 73 പേര്‍ മാത്രമാണ് പുതുമുഖങ്ങളായുള്ളത്. എഐസിസി അംഗങ്ങളുടെ പട്ടികയില്‍ നാലുപേര്‍ മാത്രമാണ് പുതിയ ആളുകള്‍. ഇത് രണ്ടാതവണയാണ് കെപിസിസി നേതൃത്വം എഐസിസിക്ക് പട്ടിക കൈമാറുന്നത്. എംപിമാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് പട്ടിക പുതുക്കി നല്‍കിയത്.

മുരളീധരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

കഴിഞ്ഞ നിയമസഭ,ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പുകളിലെ പരാജയത്തില്‍  ഐ.സി.യുവില്‍ ആയ പ്രസ്ഥാനത്തെ പൂര്‍ണ്ണ ആരോഗ്യത്തോടെ തൃക്കാക്കരയില്‍ നമ്മള്‍ തിരികെ കൊണ്ടുവന്നിരുന്നു.
ഐക്യതയോടെയുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ വലിയ വിജയമായിരുന്നു അത്.എന്നാല്‍ സ്ഥാനമാനങ്ങള്‍ വീതംവെച്ച് അതിനെ ഐ.സി.യുവിലേക്ക് തിരികെ അയക്കാനുള്ള ശ്രമങ്ങള്‍ ചില ഭാഗത്തുനിന്നും കാണുന്നതില്‍ അതിയായ ദുഃഖമുണ്ട്.

 

ഈ വാര്‍ത്ത കൂടി വായിക്കൂ

മെമ്മറി കാര്‍ഡ് രണ്ടു വട്ടം തുറന്നത് രാത്രിയില്‍; ഫോണില്‍ ടെലിഗ്രാമും വാട്ടസ്ആപ്പും; കോടതി ജീവനക്കാരെ ചോദ്യം ചെയ്യും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ