'ആ മഹതി വിധവയായിപ്പോയി, അവരുടെ വിധി'; കെ കെ രമയെ നിയമസഭയില്‍ അധിക്ഷേപിച്ച് എം എം മണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th July 2022 07:20 PM  |  

Last Updated: 14th July 2022 07:20 PM  |   A+A-   |  

m m mani insuts k krema

എം എം മണി, കെ കെ രമ


തിരുവനന്തപുരം: വടകര എംഎല്‍എ കെ കെ രമയെ നിയമസഭയില്‍ അധിക്ഷേപിച്ച് എം എം മണി. 'ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികളല്ല'- മണി നിയമസഭയില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കെ കെ രമ പ്രസംഗിച്ചതിന് പിന്നാലെയായിരുന്നു മണിയുടെ അധിക്ഷേപ പരാമര്‍ശം. 

പരാമര്‍ശം കേട്ട് ബഹളം വെച്ച പ്രതിപക്ഷത്തിന് എതിരെ 'മിണ്ടാതിരിയെടാ ഉവ്വേ' എന്നായിരുന്നു മണിയുടെ പ്രതികരണം. 'കൂവിയിരുത്തലൊന്നും എന്റടുത്ത് പറ്റില്ല. അതുമായി ബന്ധപ്പെട്ട് (ടിപി ചന്ദ്രശേഖരന്‍ വധക്കേസ്) രണ്ടുലക്ഷം പേരെ പീഡിപ്പിച്ചയാളാണ് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഈ കേരളം കണ്ടതിലെ ഏറ്റവും വൃത്തികെട്ട ആഭ്യന്തരമന്ത്രിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.' എം എം മണി പറഞ്ഞു. 

എം എം മണിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രംഗത്തെത്തി. കൂട്ടത്തിലുള്ള സഹോദരിയെ മോശമായ രീതിയില്‍ അധിക്ഷേപിച്ച എം എം മണി മാപ്പ് പറയുന്നതുവരെ സഭ തുരടാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മണി തോന്നിയവാസം പറയുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവച്ചു. ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെയായിരുന്നു എം എം മണിയുടെ വിവാദ പരാമര്‍ശം.

ഈ വാർത്ത കൂടി വായിക്കാം കെ ഫോൺ ഇനി ഇന്റർനെറ്റ് സേവനദാതാക്കൾ; കേന്ദ്രത്തിന്റെ ലൈസൻസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ