മങ്കിപോക്‌സ്: കേന്ദ്രസംഘം കേരളത്തിലേക്ക്, ജാഗ്രത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th July 2022 09:35 PM  |  

Last Updated: 14th July 2022 09:35 PM  |   A+A-   |  

MONKEYPOX

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: കേരളത്തില്‍ മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആവശ്യമായ പൊതുജനാരോഗ്യ നടപടികള്‍ സ്വീകരിക്കുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയം വിദഗ്ധ സംഘത്തെ നിയോഗിച്ചു. ഡല്‍ഹിയിലെ നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ (എന്‍സിഡിസി) ജോയിന്റ് ഡയറക്ടര്‍ ഡോ. സാങ്കേത് കുല്‍ക്കര്‍ണി, ഡല്‍ഹിയിലെ ഡോ. ആര്‍എംഎല്‍ ഹോസ്പിറ്റലിലെ മൈക്രോബയോളജി വകുപ്പിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. അരവിന്ദ് കുമാര്‍ അച്ഛ്‌റ, ഡെര്‍മറ്റോളജിസ്റ്റ് ഡോ. അഖിലേഷ് തോലേ, കേരളത്തിലെ ആരോഗ്യ കുടുംബക്ഷേമ  കോഴിക്കോട് മേഖലാ അഡ്വസര്‍ ഡോ. പി രവീന്ദ്രന്‍ എന്നിവര്‍ക്ക് പുറമേ ആരോഗ്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് കേന്ദ്രസംഘം.

സംഘം സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് രോഗത്തെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇത് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനെ അറിയിക്കുന്നതൊപ്പം ആരോഗ്യ മന്ത്രാലയത്തിലെ ദുരന്ത നിവാരണ സെല്‍ കൈക്കൊണ്ട പൊതുജനാരോഗ്യ നടപടികള്‍ സംസ്ഥാന സര്‍ക്കാരിനെ ധരിപ്പിക്കുകയും  ചെയ്യും. സംഘം സംസ്ഥാന ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആവശ്യമായ നടപടികള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യും. കേന്ദ്ര സര്‍ക്കാരും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

ജൂലൈ 12ന് യുഎഇയില്‍നിന്നു തിരുവനന്തപുരത്ത് എത്തിയ കൊല്ലം സ്വദേശിക്കാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് മങ്കി പോക്‌സ് സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ചയാളിന്റെ അച്ഛനും അമ്മയും, ടാക്‌സിഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ 11 പേരാര്‍ സമ്പര്‍ക്കത്തിലുണ്ട്. രോഗിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റി.

ഈ വാർത്ത കൂടി വായിക്കാം 'ജാ​ഗ്രത വേണം, മങ്കിപോക്‌സിനേയും പ്രതിരോധിക്കാനാകും'- മുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ