അത് നിയമസഭയില്‍ പറഞ്ഞത്; അഭിപ്രായം പറയേണ്ടത് സ്പീക്കര്‍; കോടിയേരി

ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും പങ്കില്ലെന്ന് വ്യക്തമാക്കാനായിരുന്നു മണിയുടെ പരാമര്‍ശം 
കോടിയേരി വാര്‍ത്താസമ്മേളനത്തിനിടെ
കോടിയേരി വാര്‍ത്താസമ്മേളനത്തിനിടെ

തിരുവനന്തപുരം: കെകെ രമയ്‌ക്കെതിരെ എംഎം മണിയുടെ പരാമര്‍ശത്തില്‍ അഭിപ്രായം പറയേണ്ടത് നിയമസഭാ സ്പീക്കറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി  ബാലകൃഷ്ണന്‍. നിലവിലെ ചട്ടപ്രകാരം അത് അണ്‍പാര്‍ലമെന്ററി അല്ല. അക്കാര്യം സ്പീക്കര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു. എകെജി സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.

നിയമസഭയ്ക്കകത്ത് നടന്ന കാര്യമായതിനാല്‍ അത് സ്പീക്കറാണ് പറയേണ്ടത്. അവിടെ പറഞ്ഞ കാര്യം അവിടത്തന്നെ അവസാനിപ്പിക്കേണ്ടതാണെ്ന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. മണിയുടെ പ്രസംഗശൈലിയില്‍ വന്നതാകും പരാമര്‍ശം. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും പങ്കില്ലെന്ന് വ്യക്തമാക്കാനായിരുന്നു മണിയുടെ പരാമര്‍ശമെന്നും കോടിയേരി പറഞ്ഞു.

കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ കേരളം സന്ദർശിച്ച് വികസന പരിപാടികൾ കാണുന്നതിനു പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്ന് കോടിയേരി പറഞ്ഞു. വിദേശകാര്യമന്ത്രി ഇടപെടേണ്ട കാര്യത്തിലല്ല അദ്ദേഹം ഇടപെട്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും കേന്ദ്രമന്ത്രിമാർ ടെന്റ് കെട്ടി താമസിച്ചിട്ടും ഒരു സീറ്റും നേടാൻ ബിജെപിക്കു പറ്റിയില്ല. പ്രഖ്യാപിക്കുന്ന പദ്ധതികളൊന്നും കേന്ദ്രം നടപ്പിലാക്കുന്നില്ല. പാലക്കാട്ടെ കോച്ച് ഫാക്ടറിയെ സംബന്ധിച്ച് ഇപ്പോൾ അനക്കമില്ല. നേരത്തെ പ്രഖ്യാപിച്ച റെയിൽവേ മെഡിക്കൽ കോളജ് ആർക്കും ഓർമയില്ലാതെയായി. 

കേന്ദ്രവും സംസ്ഥാനവും ചേർന്നാണ് 45 മീറ്റർ വീതിയിൽ ദേശീയ പാത നവീകരിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന്റെ 25 ശതമാനം ചെലവ് കേരളമാണ് വഹിക്കുന്നത്. അതിനെ തുടർന്നാണ് ദേശീയപാതാ വികസനപദ്ധതികൾക്ക് കേന്ദ്രം അനുമതി നൽകിയതെന്നും കോടിയേരി പറഞ്ഞു.

വിചാരകേന്ദ്രത്തിന്റെ പരിപാടിയിൽ വിഡി സതീശനെ പോലെയൊരാൾ വെറുതേ പങ്കെടുക്കില്ലെന്ന് ചോദ്യത്തിനു മറുപടിയായി കോടിയേരി പറഞ്ഞു. കാര്യങ്ങൾ പഠിച്ച് മനസിലാക്കി ചെയ്യുന്നയാളാണ് സതീശൻ. പറവൂരിൽ തോറ്റശേഷം തെരഞ്ഞെടുപ്പിൽ എങ്ങനെയും ജയിച്ചു വരണമെന്നു കരുതി ആർഎസ്എസ് വോട്ടു വാങ്ങാൻ അദ്ദേഹം തീരുമാനിച്ചു. അതുകൊണ്ടാണ് വിചാരകേന്ദ്രത്തിന്റെ പരിപാടിയിൽ പങ്കെടുത്തത്. വസ്തുത പറയാതെ സതീശൻ ഒളിച്ചു കളിക്കുകയാണ്. സിപിഎം നേതാവായ വിഎസും പരിപാടിയിൽ പങ്കെടുത്തു എന്നാണ് അദ്ദേഹം പറയുന്നത്. ആർഎസ്എസിനെതിരായി സംസാരിക്കാനാണ് വിഎസ് പോയത്. വിഡി സതീശൻ ആ പരിപാടിയിൽ ആർഎസ്എസിനെ വിമർശിച്ചിട്ടുണ്ടോയെന്നും കോടിയേരി ചോദിച്ചു.

അതേസമയം, കെകെ രമയ്ക്കെതിരായ പരാമര്‍ശത്തില്‍ താന്‍ പറഞ്ഞത് ശരിയായ കാര്യമെന്ന് ആവര്‍ത്തിച്ച് എംഎം മണി. അങ്ങനെ പറഞ്ഞതില്‍ ഒരുഖേദവും ഇല്ല. ഇതില്‍ സത്രീ വിരുദ്ധമായി ഒന്നുമില്ലെന്നും പ്രതിപക്ഷം അങ്ങനെ പറഞ്ഞാല്‍ അതുവിഴുങ്ങേണ്ട കാര്യം തനിക്കില്ലെന്നും എംഎം മണി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ഒരുവര്‍ഷവും നാലുമാസവുമായിട്ട് നിയമസസഭയില്‍ നിരന്തരം സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിയെ വ്യക്തിപരമായും തോജോവധം ചെയ്ത് സംസാരിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഇന്നലെ നിയസമഭയില്‍ രമ പറഞ്ഞ ശേഷം സംസാരിക്കാനായിരുന്നു തനിക്ക് അവസരം ലഭിച്ചത്. അവരുടെ സംസാരത്തിന് ശേഷം അത്തരത്തില്‍ ഒരു മറുപടി കൊടുക്കണമെന്ന് തോന്നി. അതുകൊണ്ടാണ് അങ്ങനെ സംസാരിച്ചത്. അവര്‍ ഇത്രയും നാള്‍ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞിട്ടും ഞങ്ങള്‍ ഒന്നും മിണ്ടിയില്ല.

രമയ്ക്കെതിരെ സംസാരിച്ചത് ശരിയാണെന്ന് തന്നെയാണ് താന്‍ ഇപ്പോഴും വിശ്വസിക്കുന്നത്. അതില്‍ ഒരു ഖേദവും തനിക്കില്ല. തന്റെ പ്രസംഗം തുടങ്ങിയപ്പോള്‍ ഒരുമഹതി എന്ന് പറഞ്ഞപ്പോള്‍ തന്നെ പ്രതിപക്ഷനിരയില്‍ നിന്ന് ബഹളം തുടങ്ങി. അതിനിടെ അവരുടെ കൂട്ടത്തില്‍ നിന്ന് തന്നെ ഒരാള്‍ അവര്‍ വിധവയല്ലേയെന്ന് പറഞ്ഞു. ആരാണ് പറഞ്ഞതെന്ന് എനിക്കോര്‍മ്മയില്ല. വിധവയായത് അവരുടെ വിധിയെന്ന് താന്‍ പറഞ്ഞു. അപ്പോള്‍ അതാണ് നാക്കില്‍ വന്നത്. അതില്‍ വലിയ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

കേരള നിയസഭയില്‍ മുഖ്യമന്ത്രി, മന്ത്രി, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികള്‍ മാത്രമാണ് ഉള്ളത്. നിയമസഭയില്‍ രമയ്ക്ക് എന്തെങ്കിലും പ്രത്യേക റിസര്‍വേഷന്റെ കാര്യം ഇല്ലെന്ന് തോന്നിയതുകൊണ്ടാണ് താന്‍ അങ്ങനെ പറഞ്ഞത്. പിന്നെ ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് പാര്‍ട്ടി തീരുമാനമെടുത്തല്ല. അന്നേ ആ കൊലപാതകത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞതാണ്. തനിക്ക് അവരോടും വിദ്വേഷം ഇല്ലെന്നും അവരുടെത് നിര്‍ഭാഗ്യകരമായ അവസ്ഥയാണെന്നും മണി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com