'പാര്‍ട്ടി കോടതി നടപ്പാക്കിയ വിധി; ജഡ്ജി പിണറായി'; കെകെ രമയ്‌ക്കെതിരായ പരാമര്‍ശത്തില്‍ നിയമസഭയില്‍ പ്രതിപക്ഷപ്രതിഷേധം; സഭ പിരിഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th July 2022 10:04 AM  |  

Last Updated: 15th July 2022 10:04 AM  |   A+A-   |  

SATHEESAN

വിഡി സതീശന്‍


തിരുവനന്തപുരം: കെകെ രമയ്‌ക്കെതിരായ എംഎം മണിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വച്ചതിനെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ ചേര്‍ന്ന ഉടനെ മണി മാപ്പുപറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തുവരികയായിരുന്നു. ബഹളം തുടര്‍ന്നതോടെ സഭ തുടരാനുള്ള സാഹചര്യമില്ലെന്ന് അറിയിച്ച് സ്പീക്കര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.

നിയമസഭയില്‍ പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ എത്തിയത്. മണിയുടെ പരാമര്‍ശം മുഖ്യമന്ത്രി  ന്യായീകരിച്ചത് ക്രൂരമെന്ന് വിഡി സതീശന്‍ പറഞ്ഞു. കൊന്നിട്ടും പകതീരാതെ നില്‍ക്കുകയാണ് ഇവരുടെ മനസ്. ടിപി ചന്ദ്രശേഖരനെ 51വെട്ട് വെട്ടിക്കൊന്നിട്ടും അദ്ദേഹത്തിന്റെ വിധവയായ കെകെ രമയെ പുറകെ നടന്ന് വേട്ടയാടുകയാണ് സിപിഎം. അവര്‍ വിധവയായത് അവരുടെ വിധികൊണ്ടാണ്  എന്നാണ് പറയുന്നത്. എന്ത് വിധിയിലാണ് ഇവര്‍ വിശ്വസിക്കുന്നത്. ഇത് വിധിയാണ്. പാര്‍ട്ടികോടതി നടപ്പാക്കിയ വിധിയാണെന്ന് സതീശന്‍ പറഞ്ഞു.

പാര്‍ട്ടി കോടതിയില്‍ വിധി പ്രഖ്യാപനം നടത്തിയ ജഡ്ജിയാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. വീണ്ടും രമയെ വേട്ടയാടുമ്പോള്‍ മണിയുടെ വാക്കുകളെ ന്യായീകരിക്കുകയാണ് ചോരയുടെ കറ കൈയിലുള്ള മുഖ്യമന്ത്രി ചെയ്യുന്നത്. കേരളത്തില്‍ വിധവകളെ ഉണ്ടാക്കുന്ന പാര്‍്ട്ടിയാണ് സിപിഎം. എത്രയെത്ര കുഞ്ഞുങ്ങളെയാണ് ഇവര്‍ അനാഥരാക്കിയതെന്നും സതീശന്‍ പറഞ്ഞു.


അതേസമയം, സിപിഎമ്മിനും ഇടതുപക്ഷത്തിനും ചന്ദ്രശേഖരന്‍ വധത്തില്‍ ഉത്തരവാദിത്വമില്ലെന്നാണ് എംഎം മണി പറഞ്ഞതെന്ന് പി രാജീവ് ന്യായീകരിച്ചു.ചോദ്യോത്തരവേളയുമായി മുന്നോട്ടുപോകാന്‍ സഹകരിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം സമ്മതിച്ചില്ല. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞതിന് ശേഷമേ തുടങ്ങാവൂ എന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. എന്നാല്‍ പ്രത്യക്ഷത്തില്‍ അണ്‍പാര്‍ലമെന്ററി ആയ പ്രസ്താവന ഇല്ലാത്തതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പുറത്തുപോയി. ചോദ്യോത്തരവേള റദ്ദാക്കിയതായി സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്ന് സഭ പിരിഞ്ഞു.

വ്യാഴാഴ്ച നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെയാണ് കെകെ രമയ്ക്കെതിരേ എംഎം മണിയുടെ പരാമര്‍ശം ഉണ്ടായത്. ''ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു; മുഖ്യമന്ത്രിക്ക് എതിരേ, എല്‍ഡിഎഫ് സര്‍ക്കാരിന് എതിരേ, ഞാന്‍ പറയാം ആ മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല'' -എംഎം മണിയുടെ ഈ പരാമര്‍ശത്തോടെ സഭയില്‍ ബഹളമാരംഭിച്ചു. താന്‍ ആരെയും അപമാനിച്ചിട്ടില്ലെന്നും തന്റെ വീക്ഷണത്തില്‍ തോന്നിയകാര്യമാണ് പരാമര്‍ശിച്ചതെന്നും മണി പിന്നീട് വിശദീകരിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ