രാത്രി കുടചൂടി നടന്നു, ചെന്നിടിച്ചത് കാട്ടുകൊമ്പന്റെ തുമ്പിക്കയ്യിൽ; തട്ടിത്തെറിപ്പിച്ച് കാൽ ചവിട്ടിയൊടിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th July 2022 07:38 AM  |  

Last Updated: 16th July 2022 07:38 AM  |   A+A-   |  

elephant attack

പ്രതീകാത്മക ചിത്രം

 

മൂന്നാർ; രാത്രിയിൽ മൂന്നാർ ടൗണിൽ നിന്നു വീട്ടിലേക്കു പോവുകയായിരുന്നു സുമിത്. കോടമഞ്ഞും മഴയും ഉള്ളതിനാൽ കുടയും ചൂടിയാണ് നടന്നത്.  കൂരിരുട്ടും നിറഞ്ഞ വഴിയിലൂടെ നടക്കുന്നതിനിടെ സുമിത് ചെന്നിടിച്ചതു കാട്ടുകൊമ്പന്റെ തുമ്പിക്കയ്യിൽ. ഓടിമാറാൻ പോലും സമയം കൊടുക്കാതെ ആന സുമിത്തിനെ തട്ടിത്തെറിപ്പിച്ചു കാൽചവിട്ടിയൊടിച്ചു. എന്നാൽ ഈ 19കാരൻ കാട്ടാനയുടെ കാൽച്ചുവട്ടിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. 

മൂന്നാർ കണ്ണൻ ദേവൻ കമ്പനി നല്ലതണ്ണി എസ്റ്റേറ്റ് നടയാർ സൗത്ത് ഡിവിഷനിലെ തൊഴിലാളികളായ കുമരന്റെയും സമുദ്രക്കനിയുടെയും മകൻ സുമിത്കുമാർ (18) ആണു കാട്ടാനയ്ക്കു മുൻപിൽ പെട്ടത്. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവമുണ്ടായത്. കാറ്റും മഴയും മൂലം കുട മുന്നിലേക്കു ചെരിച്ചുപിടിച്ചായിരുന്നു സുമിത് നടന്നത്. അതിനാലാണ് മുന്നിൽ നിൽക്കുന്ന കാട്ടാനയെ സുമിത് കാണാതിരുന്നത്. 

കാട്ടുകൊമ്പന്റെ തുമ്പിക്കയ്യിൽ ചെന്നിടിച്ചതും ആന തട്ടിയെറിഞ്ഞതും സുമിത്തിന് ഓർമയുണ്ട്. കാട്ടാന സുമിത്തിന്റെ കാലിൽ ചവിട്ടി നിൽപു തുടങ്ങി. ആന മാറിയ തക്കം നോക്കി സുമിത് ഇഴഞ്ഞു തേയിലച്ചെടികൾക്ക് ഇടയിലേക്കു നീങ്ങി. മഴയിൽ അട്ടയുടെ കടിയേറ്റ് ഒരു മണിക്കൂറോളം കിടന്നു. അതുവഴി വന്ന ഓട്ടോയിലെ യാത്രക്കാർ ബഹളം വച്ചതോടെയാണ് ആന മാറിയത്. കാലൊടിഞ്ഞതിനു പുറമേ താടിയെല്ലിനും പരുക്കേറ്റ സുമിത് ടാറ്റാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഈ വാർത്ത കൂടി വായിക്കൂ 

വർഷങ്ങളോളം ഒന്നിച്ചു ജീവിച്ചശേഷം ബന്ധം വഷളാകുമ്പോൾ പീഡന പരാതി നൽകാനാവില്ല; സുപ്രീംകോടതി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ