'പ്രാർത്ഥനയ്ക്കോ ഖബറടക്കത്തിനോ വിലക്കേർപ്പെടുത്താൻ ജമാ അത്ത് കമ്മിറ്റിക്ക് അധികാരമില്ല'; ഹൈക്കോടതി

എല്ലാ മുസ്ലീങ്ങൾക്കും ഏതു മോസ്കി​ലും പ്രാർത്ഥന നടത്താമെന്നും പൊതുഖബറിടത്തിൽ ഖബറടക്കാമെന്നുമിരിക്കെ വിലക്ക് നിലനിൽക്കില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: വിലക്കിന്റെ പേരിൽ പള്ളിയിൽ പ്രാർത്ഥിക്കുന്നതിനോ മൃതദേഹം ഖബറടക്കുന്നതിനോ ജമാഅത്ത് അംഗങ്ങളെ തടയാൻ ജമാഅത്ത് കമ്മിറ്റികൾക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. കേരള നദുവത്തുൽ മുജാഹിദ്ദീൻ 2007 മാർച്ചിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തെന്ന പേരിൽ 40ലേറെപ്പേർക്ക് വിലക്കേർപ്പെടുത്തിയ പാലക്കാട് എലപ്പുള്ളി ഏറാഞ്ചേരി ജമാഅത്ത് കമ്മിറ്റിയുടെ നടപടിയുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഉത്തരവ്.

എല്ലാ മുസ്ലീങ്ങൾക്കും ഏതു മോസ്കി​ലും പ്രാർത്ഥന നടത്താമെന്നും പൊതുഖബറിടത്തിൽ ഖബറടക്കാമെന്നുമിരിക്കെ വിലക്ക് നിലനിൽക്കില്ലെന്ന്  ജസ്റ്റിസ് എസ് വി ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി. എല്ലാവർക്കും പ്രാർത്ഥന നടത്താനുള്ളതാണ് പള്ളി. അന്തസ്സോടെയുള്ള അന്ത്യചടങ്ങിനും ഖബറിടക്കത്തിനുള്ള പൗരാവകാശം ആർക്കും തടയാനാവില്ലെന്നും ഉത്തരവിൽ പറയുന്നു. 

ഏറാഞ്ചേരി ജമാ അത്തിലെ മുഹമ്മദ് ഹനീഫ്, ഹസൻ തുടങ്ങിയവരടക്കമുള്ളവർക്കാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഇവരുടെ വീടുകളിൽ നടക്കുന്ന വിവാഹമടക്കമുള്ള ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും ഇവരുടേയും കുടുംബാം​ഗങ്ങളുടേയും മൃതദേഹം പള്ളിവക ഖബർസ്ഥാനിൽ അടക്കം ചെയ്യുന്നതിനുമായിരുന്നു വിലക്ക്. 

വിലക്ക് നേരിടുന്ന ഒരാളുടെ മൃതദേഹം ഖബറടക്കുന്നതിനെച്ചൊല്ലി 2007ൽ തർക്കമുണ്ടായി. പാലക്കാട് ആർഡിഒ ആണ് ഇത് പരിഹരിച്ചത്. ഭാവിയിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ വിലക്ക് നേരിടുന്നവർ വഖഫ് ട്രിബ്യൂണലിനെ സമർപ്പിച്ചു. ഹർജിക്കാർക്ക് ഇതേ പള്ളിയിൽ പ്രാർത്ഥന നടത്താനും ഖബർസ്ഥാനിൽ ഖബറടക്കാനും അവകാശമുണ്ടെന്ന് ട്രിബ്യൂണൽ വിധിച്ചു. ഇതിനെതിരെ എലപ്പുള്ളി ഏറാഞ്ചേരി  ജമാ അത്ത് നൽകിയ ഹർജിയാണ് ഹൈക്കോടതി പരി​​ഗണിച്ചത്. ട്രിബ്യൂണൽ ഉത്തരവിൽ അപാകതയില്ലെന്ന് വിലയിരുത്തിയ കോടതി ഹർജി തള്ളി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com