'പെണ്ണ്, സഖാവ്, നിലപാട്'; ആനി രാജയ്‌ക്കൊപ്പമുള്ള ചിത്രവുമായി കെ കെ രമ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th July 2022 07:58 PM  |  

Last Updated: 16th July 2022 07:58 PM  |   A+A-   |  

kk rema-annie raja

കെ കെ രമ പങ്കുവച്ച ചിത്രം


കൊച്ചി: എം എം മണിയുടെ അധിക്ഷേപ പരാമര്‍ശത്തിന് പിന്നാലെ, സിപിഐ നേതാവ് ആനി രാജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കെ കെ രമ. 'പെണ്ണ്, സഖാവ്, നില്‍പ്പ്, നിലപാട്' എന്ന കുറിപ്പോടെയാണ് രമ ചിത്രം പങ്കുവച്ചിരിക്കുന്നത്. കെ കെ രമയ്ക്ക് എതിരായ പരാമര്‍ശത്തെ വിമര്‍ശിച്ച ആനി രാജയെ അധിക്ഷേപിച്ച് എം എം മണി ഇന്ന് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കെ കെ രമ ആനിയ്‌ക്കൊപ്പമുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. 

''അവര്‍ ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കല്‍' എന്നായിരുന്നു മണി മാധ്യമങ്ങളോടു പറഞ്ഞത്. ആനി രാജ തനിക്കെതിരെ നടത്തിയ വിമര്‍ശനങ്ങളൊന്നും കാര്യമാക്കുന്നില്ലെന്ന് എംഎം മണി പറഞ്ഞു. അവര്‍ കേരളത്തില്‍ അല്ലല്ലോ, ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കല്‍. കേരളത്തില്‍ നടക്കുന്ന കാര്യമൊന്നും അവര്‍ക്ക് അറിയേണ്ടല്ലോ എന്നും മണി പറഞ്ഞു.

കെകെ രമയ്‌ക്കെതിരെ സമയം കിട്ടിയാന്‍ ഇതിലും ഭംഗിയായി പറഞ്ഞേനെയെന്നും മണി പ്രതികരിച്ചു. ഇതൊന്നും വണ്‍ വേ അല്ല. വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ രമ എന്തിനാണ് എംഎല്‍എ പണിക്കു വന്നതെന്നും മണി ചോദിച്ചു

ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐയുടെ യുവജന സംഘടന എഐവൈഎഫ് രംഗത്തെത്തിയിരുന്നു. ആനി രാജയ്ക്ക് എതിരെയുള്ള ഉടുമ്പന്‍ചോല എംഎല്‍എ എം എം മണിയുടെ പരാമര്‍ശം അങ്ങേയറ്റം അപലപനീയമെന്ന് എഐവൈഎഫ്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഇടത് രാഷ്ട്രീയത്തിന് ചേര്‍ന്നതല്ല. എം എം മണിയില്‍ നിന്ന് പക്വതയാര്‍ന്ന പ്രതികരണങ്ങളാണ് ഉണ്ടാകേണ്ടത്. പുരോഗമന ആശയങ്ങള്‍ ഉയര്‍ത്തി പിടിച്ചു മുന്നേറുന്ന ഇടത് രാഷ്ട്രീയത്തിനു ചേര്‍ന്നതല്ല ഇത്തരം പ്രയോഗങ്ങള്‍.- എഐവൈഎഫ് പ്രസ്താവനയില്‍ പറഞ്ഞു.

സഭ്യമായ ഭാഷയില്‍ സംവാദങ്ങള്‍ നടത്തുന്നതിന് പകരം, സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് എം എം മണി സമൂഹത്തിനു നല്‍കുന്നത്. ഇത് തിരുത്തണം. വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ സൂക്ഷ്മത പുലര്‍ത്താന്‍ എം എം മണി തയ്യാറാകണം. ആനി രാജയ്ക്ക് എതിരെ നടത്തിയ പരാമര്‍ശം എം എം മണി പിന്‍വലിക്കണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. 

ഇതിന് പിന്നാലെ മണിക്ക് എതിരെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ രംഗത്തെത്തി. എംഎം മണിയുടേത് തെമ്മാടി നിഘണ്ടുവും പുലയാട്ടു ഭാഷയുമാണെന്ന് ശിവരാമന്‍ പറഞ്ഞു. മണിയെ സിപിഎം നേതൃത്വം ഇടപെട്ടു തിരുത്തുകയാണ് വേണ്ടതെന്ന് ശിവരാമന്‍ പറഞ്ഞു. 

എംഎം മണി കുറേ നാളായി ഈ പുലയാട്ടു ഭാഷ തുടരുകയാണ്. ഇതു നാട്ടുഭാഷയാണെന്നു പറഞ്ഞ് ഒഴിയാനാവില്ല. പച്ച മനുഷ്യനാണ് എന്നൊക്കെ പറഞ്ഞാല്‍ പച്ച മനുഷ്യരെ അപമാനിക്കുകയാവും. അവരാരും ഈ ഭാഷ ഉപയോഗിക്കുന്നില്ല.

ഇടതു പക്ഷ രാഷ്ട്രീയമെന്നാല്‍ സ്ത്രീപക്ഷ രാഷ്ട്രീയം കൂടിയാണ്. മനുസ്മൃതിയുടെ പ്രചാരകര്‍ ഉപയോഗിക്കുന്ന ഭാഷയാണ് മണി ഇപ്പോള്‍ പറയുന്നത്. ഇതു സിപിഎം നേതൃത്വം ഇടപെട്ടു തിരുത്തുകയാണ് വേണ്ടതെന്ന് ശിവരാമന്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം 'ടിപിയെ കൊന്നിട്ടും തീരാത്ത പക; മണി പറയുന്നതെല്ലാം മുഖ്യമന്ത്രിയുടെ അനുവാദത്തോടെ'

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ