മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം; മുന്‍ എംഎല്‍എ ശബരിനാഥനെ നാളെ ചോദ്യം ചെയ്യും; വാട്‌സാപ്പ് ചാറ്റുകള്‍ ലഭിച്ചെന്ന് പൊലീസ്

മുഖ്യമന്ത്രിക്കെതിരായ വധശ്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടായിരുന്നെന്ന് സിപിഎം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ശബരീനാഥന്‍ /ഫയല്‍
ശബരീനാഥന്‍ /ഫയല്‍

തിരുവനന്തപുരം:  കണ്ണൂര്‍ - തിരുവനന്തപുരം വിമാനത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെയുണ്ടായ പ്രതിഷേധത്തില്‍ മുന്‍ എംഎല്‍എ ശബരീനാഥനെ ചോദ്യം ചെയ്യും. നാളെ ഹാജരാകാന്‍ നിര്‍ദേശിച്ച് ശബരിനാഥന് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ നോട്ടീസ് നല്‍കി. പ്രതിഷേധത്തിന് നിര്‍ദേശം നല്‍കിയത് ശബരീനാഥനാണെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വധശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.  

മുഖ്യമന്ത്രിക്കെതിരായ വധശ്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടായിരുന്നെന്ന് സിപിഎം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. വിമാനത്തില്‍ കയറി കരിങ്കൊടി കാണിക്കാനുള്ള നിര്‍ദ്ദേശം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയത് ശബരിനാഥനാണെന്ന തെളിവ് പൊലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ശബരിനാഥന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കയച്ച വാട്‌സാപ്പ് ചാറ്റുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
 

നാളെ രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പൊലീസിന്റെ നിര്‍ദേശം. ലഭിച്ച തെളിവുകള്‍ ശരിയെന്നും കണ്ടാല്‍ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയേക്കും. എന്നാല്‍ ഇത്തരമൊരു നിര്‍ദേശം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് പ്രതികരിക്കാന്‍ ശബരീനാഥന്‍ തയ്യാറായില്ല.  

അതേസമയം, വിമാനത്തിലെ പ്രതിഷേധം വുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഇന്‍ഡിഗോ ആഭ്യന്തര അന്വേഷണ സമിതിയുടേതാണ് നടപടി. അതേസമയം തനിക്ക് അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഇന്‍ഡിഗോ അന്വേഷണസമിതിയെ നിയോഗിച്ചിരുന്നു. റിട്ടയേര്‍ഡ് ജഡ്ജ് ആര്‍ ബസ്‌വാന അധ്യക്ഷനായ മൂന്നംഗസമിതിയാണ് അന്വേഷണം നടത്തിയത്. ഇവര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍നിന്നും ഇപി ജയരാജനില്‍ നിന്നും മൊഴിയെടുത്തിരുന്നു. അന്വേഷണ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

കഴിഞ്ഞ മാസം പതിമൂന്നിനാണ് കണ്ണൂര്‍- തിരുവനന്തപുരം വിമാനത്തില്‍ വച്ച് മുഖ്യമന്ത്രിക്ക് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധമുണ്ടായത്. മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്ത പ്രതിഷേധക്കാരെ ഇപി ജയരാജന്‍ വിമാനത്തില്‍ വച്ച് തള്ളുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com