'പുലയാട്ടിന് പുലയ ജനവിഭാഗവുമായി ഒരു ബന്ധവുമില്ല'; ശബ്ദതാരാവലിയുമായി കെ കെ ശിവരാമന്‍

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എംഎം മണിയെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രതികരണത്തിന് എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍
കെ കെ ശിവരാമന്‍/ഫെയ്‌സ്ബുക്ക്
കെ കെ ശിവരാമന്‍/ഫെയ്‌സ്ബുക്ക്

ഇടുക്കി: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എംഎം മണിയെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രതികരണത്തിന് എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍. പുലയാട്ട് എന്ന വാക്കിന് പുലയ ജനവിഭാഗവുമായി ഒരു ബന്ധവുമില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കെ കെ ശിവരാമന്‍ ഉപയോഗിച്ച ഭാഷ വംശീയ അധിക്ഷേപമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി സിപിഐ ജില്ലാ സെക്രട്ടറി രംഗത്തുവന്നിരിക്കുന്നത്. 

'കൊടികുന്നില്‍ സുരേഷ് എംപിയുടെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടു. സിപിഐ നേതാവ് ആനി രാജയ്‌ക്കെതിരെ എംഎം മണി നടത്തിയ അധിക്ഷേപത്തെ പറ്റിയുള്ള എന്റെ പ്രതികരണത്തില്‍ കടന്നുകൂടിയ പുലയാട്ട് എന്ന വാക്കാണ് കൊടിക്കുന്നിനെ കോപാകുലന്‍ ആക്കുന്നത്. പുലയാട്ട് പുലയ ജനവിഭാഗത്തെ ആക്ഷേപിക്കുന്നതാണ് എന്നും ആധുനിക കാലഘട്ടത്തിനു ചേരാത്ത പുരോഗമന വിരുദ്ധമായ വാക്കാണെന്നും ജാതീയ വിഷം വമിക്കുന്ന വാക്കാണെന്നും ഒക്കെ അദ്ദേഹം കണ്ടുപിടിച്ചു. സിപിഐയിലെ പുലയ ചെറുപ്പക്കാര്‍ എന്നെ ചോദ്യം ചെയ്യണമെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. പുലയാട്ട് എന്ന വാക്കിന് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളതിന് കടകവിരുദ്ധമാണ് കൊടിക്കുന്നില്‍ വ്യാഖ്യാനം.'- ശിവരാമന്‍ ഫെയ്‌സ്ബുക്കില്‍ പറഞ്ഞു. 

'സത്യത്തില്‍ എന്റെ മനസ്സിലും പലവിധ സംശയങ്ങള്‍ ഉടലെടുത്തു. പുല എന്ന വാക്കില്‍ നിന്നാണല്ലോ മറ്റു വാക്കുകള്‍ ഉത്ഭവിക്കുന്നത്
പുല എന്ന വാക്കിന് ശബ്ദതാരാവലി പറയുന്നത് അര്‍ത്ഥം ബന്ധത്തിലുള്ളവര്‍ മരിച്ചാല്‍ കുറേ ദിവസം നടത്തുന്ന ആചാരംപുലകുളി എന്നാല്‍ പുല കഴിഞ്ഞുള്ള കുളി ( ശബ്ദതാരാവലി )പുലയാട്ട് എന്നാല്‍ വ്യഭിചാരം, വിഷയലമ്പടത്വം, അസഭ്യ വാക്കുകള്‍ ഉപയോഗിച്ചുള്ള ശകാരം.

ഞാന്‍ ഉപയോഗിച്ച പുലയാട്ട് അസഭ്യ വാക്കുകള്‍ ഉപയോഗിച്ചുള്ള ശകാരം എന്നാണെന്ന് മനസ്സിലാകും എന്ന് കരുതുന്നു. പുലയാട്ട് എന്ന വാക്കിന് പുലയ ജനവിഭാഗവുമായി ഒരു ബന്ധവുമില്ല നാട്ടില്‍ വ്യവഹരിക്കുന്ന പുലയാട്ടിന് കൊടിക്കുന്നില്‍ പറഞ്ഞതുപോലെ ഒരര്‍ത്ഥവുമില്ല. ശ്രീ കൊടിക്കുന്നില്‍ അങ്ങ് മനസ്സിലാക്കിയിട്ടുള്ളത് പോലെയാണോ ഈ വാക്ക് ഉപയോഗിക്കുന്നത് എന്ന് ഒന്നുകൂടി പരിശോധിക്കുക.

കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ല എന്ന് സൂചിപ്പിക്കട്ടെ. അടിസ്ഥാന ജനവിഭാഗം നടത്തിയിട്ടുള്ള പോരാട്ടങ്ങളെ പറ്റി അയ്യങ്കാളിയുടെ പ്രസിദ്ധമായ വില്ലുവണ്ടി യാത്ര അടക്കമുള്ള പോരാട്ടങ്ങളെ കുറിച്ച് ഒക്കെ സാമാന്യധാരണ എനിക്കുണ്ട് എന്ന് മനസ്സിലാക്കുക. എനിക്ക് തെറ്റുപറ്റിയിട്ടില്ല സ്വന്തം ധാരണകള്‍ തിരുത്തണമെന്ന് ഞാന്‍ പറയുന്നില്ല സ്വയം തീരുമാനിക്കുക.'പോസ്റ്റില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com