11 കെ വി ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണു, രക്ഷകനായി വഴിയാത്രക്കാരന്‍; 70കാരന്‍ ജീവിതത്തിലേക്ക് 

11 കെവി ലൈനില്‍ നിന്നു വൈദ്യുതാഘാതമേറ്റു ബോധരഹിതനായി വഴിയരികില്‍ കിടന്ന ഗൃഹനാഥനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി വഴിയാത്രക്കാരനായ യുവാവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൊടുപുഴ:11 കെവി ലൈനില്‍ നിന്നു വൈദ്യുതാഘാതമേറ്റു ബോധരഹിതനായി വഴിയരികില്‍ കിടന്ന ഗൃഹനാഥനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി വഴിയാത്രക്കാരനായ യുവാവ്. ഇടുക്കി പുഷ്പകണ്ടം തടത്തില്‍ അബ്ദുല്‍ അസീസ്(70) ആണ് വൈദ്യുത ആഘാതത്തെ തുടര്‍ന്ന് ശരീരത്തില്‍ പൊള്ളലേറ്റു  വീണത്.

തിങ്കളാഴ്ച രാവിലെ പുഷ്പകണ്ടം അണക്കരമെട്ട് റോഡിലായിരുന്നു സംഭവം. ഏലച്ചെടികള്‍ നനയ്ക്കാനായി സ്ഥാപിച്ചിരുന്ന ഇരുമ്പ് പൈപ്പുകള്‍ എടുത്തു മാറ്റുന്നതിനിടെ താഴ്ന്നു കിടന്ന 11 കെവി ലൈനില്‍ ഇരുമ്പു പൈപ്പ് തട്ടുകയായിരുന്നു. വൈദ്യുതാഘാതമേറ്റതോടെ പുരയിടത്തില്‍ നിന്നു റോഡിലേക്ക് തെറിച്ചു വീണു.

 ഇതിനിടെ റോഡിലൂടെ വന്ന അണക്കരമെട്ട് പുത്തന്‍ചിറയില്‍ അഖിലാണ് വൈദ്യുതാഘാതമേറ്റ നിലയില്‍  അബ്ദുല്‍ അസീസിനെ കണ്ടത്. അപ്പോള്‍ നേരിയ ചലനം മാത്രമേ അസീസിനുണ്ടായിരുന്നുള്ളു.
സമീപത്ത് ഇരുമ്പ് പൈപ്പ് കിടക്കുന്നത് കണ്ടപ്പോള്‍ തന്നെ അബ്ദുല്‍ അസീസിന് വൈദ്യുതാഘാതമേറ്റെന്ന് അഖിലിനു മനസ്സിലായി. 

അബ്ദുല്‍ അസീസിന് ഉടന്‍ പ്രഥമശുശ്രൂഷ നല്‍കി.  സമീപവാസികളായ ഷൈല, നബീസ എന്നിവരും എത്തി.  വാഹനത്തിലേക്കു കയറ്റുന്നതിനിടെ കൈകള്‍ക്ക് അനക്കം വച്ചു.   ഉടന്‍  തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.   2 കാലുകള്‍ക്കും കൈമുട്ടിനും വയറിനും പൊള്ളലേറ്റിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അബ്ദുല്‍ അസീസ് ആരോഗ്യനില വീണ്ടെടുത്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com