'ചാറ്റ് ചോര്‍ത്തിയത് ഗതികെട്ട നടപടി, പതിരുകള്‍ എല്ലായിടത്തും കാണും'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2022 12:13 PM  |  

Last Updated: 20th July 2022 12:13 PM  |   A+A-   |  

SABARINATHAN_BAIL

ജാമ്യം കിട്ടിയ ശേഷം ശബരീനാഥന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം/വിന്‍സെന്റ് പുളിക്കല്‍

 

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട വാട്ട്‌സ്ആപ്പ് ചാറ്റ് ചോര്‍ത്തിയത് ഗതികെട്ട നടപടിയെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റെ കെഎസ് ശബരീനാഥന്‍. ചോര്‍ത്തിയത് ആരാണെന്ന് സംഘടന അന്വേഷിക്കുമെന്ന് ശബരീനാഥന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.

നൂറില്‍പരം അംഗങ്ങളുള്ള ഗ്രൂപ്പിലാണ് താന്‍ സന്ദേശം പങ്കുവച്ചത്. എല്ലാ സംഘടനയിലും എന്ന പോലെ യൂത്ത് കോണ്‍ഗ്രസിലും നെല്ലും പതിരുമുണ്ട്. ആ പതിരുകളാവാം ചാറ്റ് ചോര്‍ത്തിയത്. അത് സംഘടനയും പാര്‍ട്ടിയും അന്വേഷിക്കും.

പബ്ലിക് പ്ലാറ്റ്‌ഫോമില്‍ പറഞ്ഞ കാര്യങ്ങളുടെ പേരിലാണ് പൊലീസ് വധശ്രമത്തിനു കേസെടുത്തതെന്ന് ശബരീനാഥന്‍ പറഞ്ഞു. അതു നിലനില്‍ക്കില്ലെന്ന് കോടതിക്കു ബോധ്യമായിട്ടുണ്ട്. കോടതിക്കല്ല, നാട്ടിലെ ജനങ്ങള്‍ക്കെല്ലാം അതു ബോധ്യമായതാണ്. താന്‍ പോലും അറിയാതെയാണ് തന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയതെന്നും ശബരീനാഥന്‍ പ്രതികരിച്ചു.

ചാറ്റ് തെളിവല്ലെന്നു കോടതി

പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള വാട്ട്‌സ്ആപ്പ് സന്ദേശം വധശ്രമ ഗൂഢാലോചനയ്ക്കു തെളിവായി കാണാനാവില്ലെന്ന് കോടതി. മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഢാലോചനാ കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെഎസ് ശബരീനാഥന് ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവിലാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയുടെ നിരീക്ഷണം.

ശബരീനാഥന്റെ വാട്ട്‌സ്ആപ്പ് ചാറ്റ് പ്രതിഷേധത്തിനുള്ള ആഹ്വാനമായി മാത്രമേ കാണാനാവൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിനെ വധശ്രമ ഗൂഢാലോചനയ്ക്കുള്ള തെളിവായി കാണാനാവില്ല. മറ്റു പ്രതികളുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്നും ഗൂഢാലോചനയ്ക്കു മതിയായ തെളിവു ലഭിച്ചെന്നു കരുതാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

കെഎസ് ശബരീനാഥന്‍ മുന്‍ എംഎല്‍എയും രാഷ്ട്രീയ പ്രവര്‍ത്തകനുമാണ്. അതുകൊണ്ടുതന്നെ ഒളിവില്‍ പോവുമെന്നു കരുതുന്നില്ലെന്നും ജാമ്യം അനുവദിക്കുന്നതിനു കാരണമായി കോടതി പറഞ്ഞു.

വിമാനത്തില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത വാട്ട്‌സ്ആപ്പ് പുറത്തുവന്നതിനു പിന്നാലെയാണ് ശബരീനാഥനെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ചോദ്യം ചെയ്യാന്‍ എത്തിയപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

അത് തെറ്റായ ആശയം, മണിയെ തള്ളി സ്പീക്കര്‍; രമയ്‌ക്കെതിരെ പറഞ്ഞത് പിന്‍വലിക്കുന്നതായി എം എം മണി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ