'കഴുത്തുഞെരിച്ചു'; 'കൈ ചരുട്ടി മുഖത്തടിച്ചു'; ഇപി ജയരാജനെതിരായ എഫ്‌ഐആര്‍ പുറത്ത്

ഫര്‍സീന്‍ മജീദിനെ ജയരാജന്‍ കഴുത്ത് ഞെരിച്ചതായും കൈചുരുട്ടി നവീന്റെ മുഖത്തടിച്ചതായും എഫ്‌ഐആറില്‍ പറയുന്നു
ഇപി ജയരാജന്‍/ഫയല്‍
ഇപി ജയരാജന്‍/ഫയല്‍


തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഇന്‍ഡിഗോ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പകര്‍പ്പ് പുറത്ത്. ഇപി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫും ചേര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.

എഫ്‌ഐആറില്‍ ജയരാജനെതിരെ ഗുരുതരപരാമര്‍ങ്ങളാണ് ഉള്ളത്. ഫര്‍സീന്‍ മജീദിനെ ജയരാജന്‍ കഴുത്ത് ഞെരിച്ചതായും കൈചുരുട്ടി നവീന്റെ മുഖത്തടിച്ചതായും എഫ്‌ഐആറില്‍ പറയുന്നു. മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധിക്കാറായോ എന്ന് ചോദിച്ച പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളായ അനില്‍കുമാറും സുനീഷും ജീവനോടെ വിടില്ലെന്ന് ആക്രോശിച്ചതായും എഫ്‌ഐആറിലുണ്ട്.

അതേസമയം, ഇപി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ക്കുമെതിരെ എയര്‍ക്രാഫ്റ്റ് ആക്ട് ചുമത്തില്ല. കോടതി നിര്‍ദേശിച്ച വകുപ്പുകള്‍ പ്രകാരം മാത്രമായിരിക്കും അന്വേഷണമെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാരായ യൂത്ത് കോണ്‍ഗ്രസുകാരുടെ മൊഴി ഈ ആഴ്ച രേഖപ്പെടുത്തും. തുടര്‍ന്നായിരിക്കും ജയരാജനേയും പേഴ്‌സണല്‍ സ്റ്റാഫിനേയും ചോദ്യം ചെയ്യുക.


യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ എസ് അനില്‍കുമാര്‍, പഴ്‌സനല്‍ അസിസ്റ്റന്റ് വിഎം സുനീഷ് എന്നിവര്‍ക്കെതിരെ കോടതി നിര്‍ദേശപ്രകാരം ഇന്നലെ വലിയതുറ പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് എടുത്തിരുന്നു. വധശ്രമം, ഗൂഢാലോചന എന്നിവയുള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദും നവീന്‍ കുമാറും സമര്‍പ്പിച്ച സ്വകാര്യ അന്യായത്തില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ലെനി കുരാക്കറുടെ ഉത്തരവ് പ്രകാരമാണ് പൊലീസ് നടപടി.

വിമാനത്തിനുള്ളില്‍ സമാധാനപരമായി പ്രതിഷേധിച്ച ഇരുവരെയും ജയരാജനും സംഘവും മര്‍ദിക്കുകയും വധിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും പിന്നീട് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ചികിത്സ നിഷേധിച്ചെന്നും സ്വകാര്യ അന്യായത്തില്‍ കുറ്റപ്പെടുത്തി. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com