യുഎഇ ഭരണാധികാരിക്ക് ഒന്നിനു വേണ്ടിയും കത്തയച്ചിട്ടില്ല; സ്വപ്‌നയുടെ ആരോപണത്തില്‍ പുതുമയില്ല: കെ ടി ജലീല്‍

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ ആരോപണങ്ങളില്‍ പ്രതികരണവുമായി മുന്‍മന്ത്രി കെ ടി ജലീല്‍
കെടി ജലീല്‍/ഫയല്‍
കെടി ജലീല്‍/ഫയല്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ ആരോപണങ്ങളില്‍ പ്രതികരണവുമായി മുന്‍മന്ത്രി കെ ടി ജലീല്‍. സ്വപ്നയുടെ ആരോപണങ്ങളില്‍ പുതുമയില്ലെന്ന് ജലീല്‍ പറഞ്ഞു. ആദ്യം മുതല്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ചു. കള്ളക്കടത്തില്‍ പങ്കുണ്ടെന്ന ആരോപണം ഇതോടെ അപ്രസക്തമായെന്നും വാര്‍ത്താ സമ്മേളനത്തില്‍ ജലീല്‍ ചൂണ്ടിക്കാട്ടി. 

''യുഎഇ ഭരണാധികാരിക്ക് ഒന്നിനു വേണ്ടിയും കത്തയച്ചിട്ടില്ല. യുഎഇ കോണ്‍സല്‍ ജനറലുമായി ബിസിനസിനും ശ്രമിച്ചിട്ടില്ല. ഗള്‍ഫിലോ നാട്ടിലോ ബിസിനസോ ബിസിനസ് പങ്കാളിത്തമോ ഇല്ല. ജീവിതത്തില്‍ ഒരു ചെറിയ കാലത്തൊഴികെ ബിസിനസ് ഇടപാട് നടത്തിയിട്ടില്ല. യൂത്ത് ലീഗ് ഭാരവാഹി ആയിരിക്കെ ഒരു ട്രാവല്‍ ഏജന്‍സി നടത്തിയിരുന്നു''  ജലീല്‍ പറഞ്ഞു.

''നികുതി അടയ്ക്കാത്ത ഒരു രൂപപോലും എന്റെ കൈവശമില്ല. ബാങ്ക് അക്കൗണ്ട് പരിശോധിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) ഇതു പണ്ടേ ബോധ്യപ്പെട്ടതാണ്. എല്ലാവരും സ്വപ്നയെപ്പോലെ തനിക്ക് എന്തുകിട്ടും എന്നു ചിന്തിക്കുന്നവരല്ല. അവിഹിത സമ്പാദ്യമോ ബിസിനസ് വിഹിതമോ ഉണ്ടെങ്കില്‍ ഞാന്‍ ഇങ്ങനെയാവില്ല ജീവിക്കുക''- ജലീല്‍ പറഞ്ഞു.

അതേസമയം, ജമാഅത്തെ ഇസ്ലാമി മുഖപത്രം മാധ്യമത്തിന് കോണ്‍സല്‍ ജനറലിന് കത്തുകൊടുത്തിട്ടുണ്ടെന്ന് ജലീല്‍ സ്ഥിരീകരിച്ചു. ''മാധ്യമം പത്രത്തിന്റെ കോവിഡ് റിപ്പോര്‍ട്ടിങ്ങിലെ പ്രശ്‌നങ്ങളാണ് കത്തിലൂടെ കോണ്‍സല്‍ ജനറലിനെ അറിയിച്ചത്. ഉചിതമായ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടാണ് കത്തയച്ചത്. പഴ്‌സനല്‍ ഐഡിയില്‍നിന്ന് ഇ-മെയിലാണ് അയച്ചത്. അബ്ദുല്‍ ജലീല്‍ എന്ന പേരിലാണ് അയച്ചത്. അത് എന്റെ ഔദ്യോാഗിക നാമമാണ്. ഇതില്‍ പ്രോട്ടോക്കോള്‍ ലംഘനമുണ്ടോ? ഒരു യുഡിഎഫ് എംപിയും ഇതുപോലെ കത്തയച്ചിട്ടുണ്ട്'' - ജലീല്‍ വിശദീകരിച്ചു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജലീലിനെതിരായ ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലം ഇന്നു പുറത്തായിരുന്നു. യുഎഇ ഭരണാധികാരിയുടെ 'ഗുഡ്' ബുക്കില്‍ പേരു വരാന്‍ കെടി ജലീല്‍ ശ്രമിച്ചെന്നും പ്രത്യേക പരിഗണന ലഭിച്ചാല്‍ കൂടുതല്‍ ബിസിനസ് നടത്താന്‍ കഴിയുമെന്ന് ജലീല്‍ പറഞ്ഞുവെന്നും സ്വപ്നയുടെ സത്യവാങ്മൂലത്തിലുണ്ട്.

ജലീല്‍ യുഎഇ കോണ്‍സുലേറ്റ് ജനറലുമായി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ രഹസ്യ ചര്‍ച്ചകള്‍ നടത്തി. എല്ലാറ്റിനും മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയുണ്ടെന്ന് ജലീല്‍ കോണ്‍സല്‍ ജനറലിന് ഉറപ്പു നല്‍കിയെന്നും സ്വപ്നയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. ജലീലുമായി ചേര്‍ന്ന് ബിസിനസ് തുടങ്ങുമെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞതായും മാധ്യമം പത്രത്തെ യുഎഇയില്‍ നിരോധിക്കാന്‍ ജലീല്‍ കോണ്‍സുലേറ്റ് ജനറല്‍ വഴി ശ്രമിച്ചതായും സത്യവാങ്മൂലത്തിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com