പ്ലസ് വണ്‍ പ്രവേശനം: ഇനിയും സമയം നീട്ടാനാവില്ലെന്ന് സര്‍ക്കാര്‍; ഹൈക്കോടതിയില്‍ സത്യവാങ്മൂലം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2022 11:34 AM  |  

Last Updated: 21st July 2022 11:34 AM  |   A+A-   |  

High court

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഇനിയും നീട്ടിനല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇനിയും സമയം നീട്ടുന്നത് അധ്യയന വര്‍ഷത്തെ അപ്പാടെ താളം തെറ്റിക്കുമെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു. സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്.

മലപ്പുറം സ്വദേശികളായ രണ്ടു സിബിഎസ്ഇ വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി അപേക്ഷ നല്‍കാനുള്ള സമയപരിധി ഇന്ന് ഉച്ചവരെ നീട്ടാനായിരുന്നു നിര്‍ദ്ദേശിച്ചത്. 

ഇനിയും സമയപരിധി നീട്ടുന്നത് അധ്യയന വര്‍ഷത്തെ താളം തെറ്റിക്കുമെന്ന് സര്‍്ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. നാലു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനു കാത്തിരിക്കുകയാണ്. ഇവരുടെ പത്താം ക്ലാസ് ഫലം വന്നിട്ട് ഒരു മാസമായി. ഒരു അധ്യയന വര്‍ഷത്തിലെ നിശ്ചിത ക്ലാസുകള്‍ എടുത്തു തീര്‍ക്കണമെങ്കില്‍ എത്രയും വേഗം ക്ലാസുകള്‍ തുടങ്ങണം. ഓഗസ്റ്റ് 17ന് തുടങ്ങാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. ഇനിയും തീയതി നീട്ടിയാല്‍ അതു വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 

27 മുതല്‍ അടുത്ത മാസം 11 വരെയായി അലോട്‌മെന്റ് നടത്തി, അടുത്ത മാസം 17നു ക്ലാസ് തുടങ്ങാനായിരുന്നു മുന്‍തീരുമാനം. 4.25 ലക്ഷം വിദ്യാര്‍ഥികളാണ് ഇതുവരെ അപേക്ഷിച്ചിരിക്കുന്നത്. സിബിഎസ്ഇ ഫലം വരുമ്പോള്‍ 30,000 അപേക്ഷകള്‍ കൂടി ലഭിക്കുമെന്നാണു വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

ആദ്യഘട്ടത്തില്‍ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും; കെഎസ്ആര്‍ടിസി ശമ്പളവിതരണം മറ്റന്നാള്‍ തുടങ്ങും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ