ജലീലിന്റെ ഇംഗ്ലീഷ് മോശം, തിരുത്തിയതു താന്‍; ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് സ്വപ്ന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd July 2022 03:36 PM  |  

Last Updated: 22nd July 2022 03:36 PM  |   A+A-   |  

swapna

സ്വപ്‌ന സുരേഷ്/ ഫയൽ


കൊച്ചി: തന്റെ സത്യവാങ്മൂലം മുന്‍മന്ത്രി കെടി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കുന്നതല്ലെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ജലീലും കോണ്‍സല്‍ ജനറലും തമ്മിലുള്ള ഇടപാട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിനെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പലരും പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടുണ്ട്. ഒരുപാട് തെളിവുകള്‍ നശിപ്പിക്കപ്പെട്ടു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണെന്നും സ്്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. 

സ്‌പേസ് പാര്‍ക്കില്‍ ജോലി ചെയ്യുമ്പോഴാണ് ജലീല്‍ കോണ്‍സല്‍ ജനറലിനായി മെയില്‍ അയയ്ക്കുന്നത്. ഇംഗ്ലിഷ് പ്രയോഗം മോശമായതിനാല്‍ തിരുത്തിയാണ് കോണ്‍സല്‍ ജനറലിന് നല്‍കിയതെന്നും സ്വപ്‌ന പറഞ്ഞു. അറബ് രാജ്യങ്ങളിലെ ഭരണാധികാരികളെ ജലീല്‍ സുഖിപ്പിക്കാന്‍ നോക്കുകയായിരുന്നു. ഡോക്ടറേറ്റ് എടുത്ത വ്യക്തിക്ക് എത്രമാത്രം ഇഗ്ലീഷ് അറിയാമെന്ന് തനിക്ക് ഇന്നലെ മനസ്സിലായി. താന്‍ ക്ലീന്‍ചിറ്റ് നല്‍കിയെന്നാണ് പറയുന്നത്. എന്താണ് താന്‍ അഫിഡവിറ്റില്‍ എഴുതിയതെന്ന് വായിച്ചു നോക്കി മനസ്സിലാക്കണമെന്നും സ്വപ്‌ന പറഞ്ഞു. കാന്തപുരം അബുബക്കര്‍ മുസ്ലിയാരും പ്രോട്ടോക്കോള്‍ ലംഘനം നടത്തിയിട്ടുണ്ടെന്ന് സ്വപ്‌ന സുരേഷ് കൂട്ടിച്ചേര്‍ത്തു. 

വിദേശകാര്യ മന്ത്രാലയത്തിന്റെ അറിവില്ലാതെ, പ്രോട്ടോക്കോള്‍ ലംഘിച്ച് ജലീല്‍ യുഎഇ കോണ്‍സല്‍ ജനലറുമായി കോണ്‍സുലേറ്റിനുള്ളില്‍ രഹസ്യകൂടിക്കാഴ്ചകള്‍ നടത്തിയെന്ന് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. മാധ്യമം ദിനപത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് യുഎഇ ഭരണാധികാരിക്ക് ജലീല്‍ മെയില്‍ അയച്ചെന്നും സ്വപ്ന നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ  'ആ ആക്ഷേപത്തിന് അടിസ്ഥാനമെന്ത്?'; നടിയെ വിമര്‍ശിച്ച് ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ