'കോടതി വിധി വന്നില്ല, ഒന്നാംപ്രതിയെ ഉന്നത പദവിയില്‍ നിയമിച്ചു'; ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം പുനപ്പരിശോധിക്കണം: കെയുഡബ്ല്യുജെ

ശ്രീറാം വെങ്കിട്ടരാമന്‍/ ഫയല്‍
ശ്രീറാം വെങ്കിട്ടരാമന്‍/ ഫയല്‍

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ വിചാരണ നേരിടുന്ന ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതില്‍ പ്രതിഷേധവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍.  തീരുമാനം പുനപ്പരിശോധിക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു. 

കൊലപാതക കേസില്‍ ഒന്നാം പ്രതിയായി സര്‍ക്കാര്‍ തന്നെ കുറ്റപത്രം നല്‍കിയ വ്യക്തിയാണ് ശ്രീരാം വെങ്കിട്ടരാമന്‍. അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച അവസരത്തിലും ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടറായി നിയമിച്ച അവസരത്തിലും യൂണിയന്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇപ്പോള്‍ ജനങ്ങളുമായും മാധ്യമ പ്രവര്‍ത്തകരുമായും കൂടുതല്‍ ഇടപെടേണ്ട കലക്ടറായാണ് നിയമിച്ചിരിക്കുന്നത്. കെ എം ബഷീറിന്റെ ദാരുണമായ മരണം മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഏറ്റവും വൈകാരികവും ഇന്നും ഏറെ വേദനയോടെ മാത്രം ഓര്‍ക്കുന്ന സംഭവവുമാണ്.

അത്തരം ഒരു കേസില്‍ കോടതി വിധി വരുന്നതിന് മുമ്പ് തന്നെ കേസിലെ ഒന്നാം പ്രതിയെ കലക്ടര്‍ എന്ന ഉന്നത പദവിയില്‍ നിയമിച്ചത് തികച്ചും അനുചിതമാണ്. മാധ്യമ പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും വികാരം കണക്കിലെടുത്ത് ശ്രീറാം വെങ്കിട്ടരാമനെ നിയമനം പുനപ്പരിശോധിക്കണമെന്ന് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റെജിയും ജനറല്‍ സെക്രട്ടറി ഇഎസ് സുഭാഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com