മൂന്നാറിൽ സകുടുംബം വിനോദയാത്രയ്‌ക്കെത്തി, മാല മോഷ്ടിച്ചു; 47കാരി പിടിയിലായത് അതിസമ്പന്നർ താമസിക്കുന്ന ഫ്ളാറ്റിൽ നിന്ന് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th July 2022 08:12 AM  |  

Last Updated: 25th July 2022 08:12 AM  |   A+A-   |  

gold price increased

ഫയല്‍ ചിത്രം

 

മൂന്നാർ: മൂന്നാറിൽ സകുടുംബം വിനോദയാത്രയ്‌ക്കെത്തി സ്വർണക്കടയിൽനിന്ന് രണ്ടുലക്ഷം രൂപയോളം വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ച സ്ത്രീ പിടിയിൽ. രഹാന ഹുസൈൻ ഫറൂക്കാ(47)ണ് പിടിയിലായത്. ചെന്നൈ രായപുരത്ത് അതിസമ്പന്നർ താമസിക്കുന്ന ഫ്ളാറ്റിൽനിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. ഇവരിൽനിന്നും 38 ഗ്രാം തൂക്കംവരുന്ന രണ്ട് മാലകൾ കണ്ടെടുത്തു. 

വിനോദയാത്ര കഴിഞ്ഞ മടങ്ങുന്ന ദിവസം, ജൂലായ് 16ന്, കൂടെയുള്ളവരറിയാതെയാണ് രഹാന മോഷണം നടത്തിയത്. ജി എച്ച് റോഡിലെ ഐഡിയൽ ജൂവലറിയിൽ എത്തിയ ഇവർ കോയമ്പത്തൂർ സ്വദേശിനിയാണെന്നും മലേഷ്യയിൽ സ്ഥിരതാമസമാണെന്നും പറഞ്ഞാണ് സ്വർണം വാങ്ങിയത്. മൂന്ന് ജോഡി കമ്മലും ഒരു കൈച്ചെയിനും വാങ്ങി 78000 രൂപയും നൽകി. അഞ്ചുപവൻ തൂക്കംവരുന്ന മറ്റൊരു മാല നോക്കിയശേഷം വൈകിട്ട് ഭർത്താവുമൊത്ത് വന്ന് വാങ്ങാമെന്ന് പറഞ്ഞ് അഡ്വാൻസ് നൽകി പോയി. 

രാത്രിയിൽ കടയിലെ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് രണ്ട് മാലകൾ കുറവുണ്ടെന്ന് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, ജീവനക്കാരുടെ ശ്രദ്ധമാറിയ സമയത്ത് രഹാന മാലകൾ ബാഗിൽ ഇടുന്നതുകണ്ടു. കടയുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ടൗണിലും പരിസരങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ടെമ്പോ ട്രാവലറിൽ കയറിപ്പോയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ചെന്നൈയിലെത്തിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.

ഈ വാർത്ത കൂടി വായിക്കാം

ഒരാഴ്ചയ്ക്കുള്ളിൽ 10.5 ലക്ഷം ടിക്കറ്റുകൾ, റെക്കോർഡ് വിൽപനയുമായി ഓണം ബംപർ ലോട്ടറി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ