പ്ലസ് വൺ പ്രവേശനം പുനഃക്രമീകരിച്ചു; ക്ലാസുകൾ ഓഗസ്റ്റ് 22നു തുടങ്ങും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th July 2022 07:35 PM  |  

Last Updated: 25th July 2022 07:35 PM  |   A+A-   |  

cbse exam result

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന്റെ സമയക്രമം പുതുക്കി. പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ഈ മാസം 28 ന് നടക്കും. ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ക്ലാസുകൾ ഓഗസ്റ്റ് 22നു തുടങ്ങും.

സിബിഎസ്ഇ, ഐസിഎസ്‌സി വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയതാണ് പ്ലസ് വൺ പ്രവേശനം നീളാൻ കാരണം. ഫലം വരാത്ത സാഹചര്യത്തിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

പ്ലസ് വൺ സീറ്റിലേക്ക് അപേക്ഷിക്കാൻ ഇന്നു വരെ ഹൈക്കോടതി സമയം അനുവദിച്ചിരുന്നു. ഇത് അടിസ്ഥാനമാക്കിയാണ് പ്രവേശനത്തിനുള്ള മറ്റ് നടപടികളുടെ സമയക്രമം സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് പരിഷ്കരിച്ചത്.

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള അവസാന തീയതി ഇക്കഴിഞ്ഞ 18 നായിരുന്നു. എന്നാൽ ജൂലൈ 22ന് കേസ് പരിഗണിച്ചപ്പോൾ ഫലം പ്രഖ്യാപിച്ചതായി സിബിഎസ്ഇ അധികൃതർ കോടതിയെ അറിയിച്ചു. എന്നാൽ അപേക്ഷ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന കുട്ടികളുടെ ആവശ്യം കോടതി അംഗീകരിച്ചാണ് സമയം നീട്ടി നൽകിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

400ൽ 398 മാർക്ക്; ഐഎസ്‌സി പരീക്ഷയിൽ ശിവാനിയും ആദിഷും കേരളത്തിൽ ഒന്നാമത് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ