മാനസിക വെല്ലുവിളി നേരിടുന്ന സഹോദരിമാര്‍ക്ക് ആശ്രയകേന്ദ്രം; 'പ്രിയ ഹോം' പ്രവര്‍ത്തനം ആരംഭിച്ചു, സംസ്ഥാനത്ത് ആദ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th July 2022 05:35 PM  |  

Last Updated: 26th July 2022 05:35 PM  |   A+A-   |  

priya_home

പ്രിയ ഹോം

 

കൊല്ലം: സംസ്ഥാന സാമൂഹ്യനീതി വകുപ്പ് വിഭാവനം ചെയ്യുന്ന സംയോജിത പുനരധിവാസഗ്രാമം പദ്ധതിയില്‍ ആദ്യത്തേതായി, മാനസിക-ബൗദ്ധിക വെല്ലുവിളി നേരിടുന്ന വനിതകള്‍ക്കായി, ആരംഭിച്ച  'പ്രിയ ഹോം' പുനരധിവാസകേന്ദ്രം നാടിന് സമര്‍പ്പിച്ചു. കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ വെളിയം കായിലയില്‍ നിര്‍മ്മിച്ച 'പ്രിയ ഹോം' ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു.

തങ്ങളുടെ കാലശേഷം ഭിന്നശേഷിക്കാരായ മക്കളുടെ സംരക്ഷണത്തെച്ചൊല്ലിയുള്ള രക്ഷിതാക്കളുടെ  ഏറ്റവും വലിയ ആശങ്കയ്ക്കുള്ള പരിഹാരമാണ് പ്രിയ ഹോം പോലുള്ള പുനരധിവാസ കേന്ദ്രങ്ങള്‍ എന്ന് മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി. മാനസിക ബൗദ്ധിക വെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഒരു ചെറിയ കാല്‍വയ്പ്പ് മാത്രമാണ് ഇത്.

ഭിന്നശേഷിയുള്ള ഒട്ടേറെ കുഞ്ഞുങ്ങള്‍ക്ക് താങ്ങും തണലുമായി നില്‍ക്കേണ്ടത് സാമൂഹ്യനീതി വകുപ്പിന്റെ ബാധ്യതയാണെന്നും പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ കേന്ദ്രം തയ്യാറാക്കാനാണ് സാമൂഹ്യനീതി വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. 

പ്രാരംഭഘട്ടത്തില്‍ 15 വനിതകളുടെ സംരക്ഷണവുമായാണ് പ്രിയ ഹോം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി കമലാസനന്‍ സാമൂഹ്യനീതി വകുപ്പിന് വിട്ടുനല്‍കിയ സ്ഥലവും കെട്ടിടവും നവീകരിച്ചാണ് പ്രിയ ഹോം ഒരുക്കിയത്. കമലാസനന്‍ സരോജിനി ദമ്പതിമാരുടെ മാനസിക വെല്ലുവിളി നേരിടുന്ന മകള്‍ പ്രിയയുടെ സംരക്ഷണാര്‍ത്ഥം കൂടിയാണ് ഇവര്‍ സ്ഥലവും കെട്ടിടവും സര്‍ക്കാരിന് കൈമാറിയത്.

ഈ വാർത്ത കൂടി വായിക്കാം ഓണ പരീക്ഷ ഓഗസ്റ്റ് 24ന് തുടങ്ങും; അവധി സെപ്റ്റംബര്‍ മൂന്നുമുതല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ