കോഴിക്കോട്ട് പെട്രോൾ പമ്പിൽനിന്ന് 24,000 രൂപ കവർന്നു; 18കാരനായ ബസ് ക്ലീനർ പിടിയിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th July 2022 09:20 PM  |  

Last Updated: 27th July 2022 09:20 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: പെട്രോൾ പമ്പിൽനിന്ന് 24,000 രൂപ കവർന്ന കേസിലെ പ്രതി പിടിയിൽ. കോഴിക്കോട് ചാത്തമംഗലം സ്വദേശി അമർജിത്ത് (18) ആണ് പിടിയിലായത്. തിങ്കളാഴ്ച്ച രാത്രിയാണ് യുവാവ് നരിക്കുനിയിലെ പമ്പിലെ മേശ കുത്തിപ്പൊളിച്ച് 24,000 രൂപ കവർന്നത്. പമ്പ് അടച്ച് മാനേജർ കളക്‌ഷനുമായി വീട്ടിലേക്കു പോയതിനു പിന്നാലെയായിരുന്നു സംഭവം. 

കോഴിക്കോട് പ്രൈവറ്റ് ബസുകളിൽ ക്ലീനറായി ജോലി ചെയ്തിരുന്ന അമർജിത്ത്, ഒരാഴ്ച മുൻപാണ് നരിക്കുനി – കോഴിക്കോട് റൂട്ടിലോടുന്ന ബസിൽ ജോലിക്ക് കയറിയത്. ഈ ബസ് രാത്രിയിൽ ഇതേ പമ്പിലാണ് നിർത്തിയിടുന്നത്. രാത്രി 10.30ന് ബസ് നിർത്തി ഡ്രൈവർ പോയശേഷം പമ്പിനടുത്തേക്കു വന്ന പ്രതി, ജീവനക്കാർ പമ്പ് പൂട്ടി പോകുന്നതുവരെ കാത്തിരുന്നു. ബസിൽനിന്ന് സ്ക്രൂ ഡ്രൈവറും കമ്പിയും എടുത്ത് പമ്പിന്റെ ഡോർ കുത്തിപ്പൊളിച്ച് ഉള്ളിൽ കടന്ന് പണം മോഷ്ടിക്കുകയായിരുന്നു അമർജിത്ത്. പിറ്റേ ദിവസത്തെ ചിലവിനായി വച്ചിരുന്ന പണമാണ് മോഷ്ടിച്ചത്. 

പമ്പിലെ സിസിടിവി മോണിറ്റർ തകർത്ത് അതുവഴി വന്ന ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് യുവാവ് പുലർച്ചെ ഒരു മണിയോടെ കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിലെത്തി. സ്റ്റാൻഡിനടുത്തുള്ള കടയിൽനിന്ന് പുതിയ മൊബൈൽ ഫോണും ഹെഡ്സെറ്റും സ്മാർട്ട്‌ വാച്ചും വാങ്ങി. പമ്പിലും പരിസരങ്ങളിലും നിർത്തിയിടുന്ന ബസ് ജീവനക്കാരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

കർക്കിടക വാവുബലി: ഇന്ന് രാത്രി 12 മുതൽ തിരുവനന്തപുരത്ത് മദ്യനിരോധനം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ