റാഗിങ് നടന്നിട്ടില്ല, ചെറിയ പ്രശ്‌നത്തെ ഊതിപ്പെരുപ്പിച്ചു; 'കോട്ടണ്‍ ഹില്ലി'ല്‍ ഡിഡിഇ റിപ്പോര്‍ട്ട്
By സമകാലിക മലയാളം ഡെസ്ക് | Published: 27th July 2022 05:13 PM |
Last Updated: 27th July 2022 05:13 PM | A+A A- |

കോട്ടണ്‍ഹില്‍ സ്‌കൂളിന് മുന്നില്‍ രക്ഷിതാക്കളുടെ പ്രതിഷേധം/ ഫയല്‍
തിരുവനന്തപുരം: തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ റാഗിംഗ് പരാതി ചെറിയ പ്രശ്‌നത്തെ പര്‍വതീകരിച്ചതെന്ന് ഡിഡിഇ റിപ്പോര്‍ട്ട്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം തെളിവില്ല. മൂന്നു കുട്ടികള്‍ക്ക് ചെറിയ പരിക്കുമാത്രമേയുള്ളൂ. അക്രമം നടത്തിയ കുട്ടികൾ ആരെന്ന് പരിക്കേറ്റ കുട്ടികൾക്കോ സ്കൂളിലെ അധ്യാപകർക്കോ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റാഗിങ് നടന്നുവെന്ന പരാതി ഡിഡിഇ സന്തോഷ് കുമാര്‍ റിപ്പോര്‍ട്ടില്‍ തള്ളിക്കളഞ്ഞു. ഒരു കുട്ടിക്ക് കയ്യിലും മറ്റൊരു കുട്ടിക്ക് നെറ്റിയിലും മറ്റൊരു കുട്ടിക്ക് മുതുകത്തും നേരിയ പരിക്കുകള്‍ മാത്രമേയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍, രക്ഷിതാക്കള്‍ തുടങ്ങിയവരുമായി ഒറ്റയ്ക്കും കൂട്ടായും മൊഴിയെടുത്തശേഷമാണ് ഡിഡിഇ വിദ്യാഭ്യാസമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
സ്‌കൂളിന് ചുറ്റും നീരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണം. ഗേറ്റില്‍ സിസിടിവി ക്യാമറ വെക്കണം. അതിക്രമം നടന്നുവെന്ന് പറയപ്പെടുന്ന ശുചിമുറിക്ക് സമീപം നിരീക്ഷണത്തിന് അധ്യാപകര്‍ക്ക് ഡ്യൂട്ടി നിശ്ചയിച്ച് നല്‍കണം. ഓണ്‍ലൈന്‍ വഴി നടക്കുന്ന പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ദുരുദ്ദേശമുണ്ടെന്ന് സംശയിക്കുന്നുവെന്നും, ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ഡിഡിഇ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കോട്ടൺ ഹിൽ സ്കൂളിലെ സീനിയർ വിദ്യാർത്ഥികൾക്കെതിരെ 5, 6 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് പരാതി നൽകിയത്. ഭക്ഷണശേഷം മൂത്രപ്പുരയിലേക്ക് പോയ കുട്ടികളെ ഹയർ സെക്കൻഡറി വിദ്യാർഥികൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു പരാതി. കൈഞരമ്പ് മുറിക്കും, കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് തള്ളിയിടും എന്നീ കാര്യങ്ങൾ മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ പറഞ്ഞതായി കുട്ടികള്‍ പരാതിയിൽ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ