'പെങ്ങൾക്ക് എടുത്തുവച്ച ടിക്കറ്റിനാണ് 75 ലക്ഷം', സാജന്റെ ഫോണിൽ അമ്പരന്ന് സന്ധ്യാമോൾ, 'സ്ത്രീ ശക്തി'യിൽ ലക്ഷപ്രഭു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th July 2022 09:22 AM  |  

Last Updated: 27th July 2022 09:22 AM  |   A+A-   |  

lottery

പ്രതീകാത്മക ചിത്രം

 

കൊച്ചി; ഒരു സെറ്റ് ലോട്ടറി ടിക്കറ്റ് തനിക്കായി മാറ്റിവച്ചിട്ടുണ്ടെന്ന് പതിവുപോലെ സന്ധ്യമോൾക്ക് വെട്ടികാട് ലക്കി സെന്റർ ഉടമ സാജൻ തോമസിന്റെ ഒരു മെസേജ് വന്നു. അതിനു പിന്നാലെ വന്ന സാജന്റെ ഫോൺ കോ‌ളിൽ സന്ധ്യ അറിയുന്നത് താൻ ലക്ഷപ്രഭു ആയ വിവരമാണ്. നമ്പർപോലും അറിയാതെ സാജൻ മാറ്റിവച്ച 12 ടിക്കറ്റുകളിൽ ഒന്നിന് 75 ലക്ഷം രൂപയാണ് അടിച്ചത്. ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറിയിലൂടെയാണ് സന്ധ്യാമോൾ ലക്ഷപ്രഭു ആയത്. 

മൂന്നുമാസം മുൻപ് തൊട്ടടുത്ത സ്ഥാപനത്തിൽ വന്നപ്പോഴാണ് ചില്ലറയുടെ ആവശ്യത്തിന് ലോട്ടറി കടയിലെത്തി കാഞ്ഞിരമറ്റം സ്വദേശിയായ സാജനെ പരിചയപ്പെട്ടത്. ടിക്കറ്റെടുക്കുന്ന ശീലമില്ലെങ്കിലും, ഇടയ്ക്ക് സാജൻ തന്നെ ഒരു സെറ്റ് ടിക്കറ്റ് സന്ധ്യാമോൾക്കായി മാറ്റിവയ്ക്കും. അടിച്ചാലും ഇല്ലെങ്കിലും ടിക്കറ്റിന്റെ പണം കൃത്യമായിനൽകും.  ഒരുസെറ്റ് ടിക്കറ്റ് എടുത്തുവെച്ചിട്ടുണ്ടെന്ന സാജന്റെ മെസേജ് കഴിഞ്ഞ ദിവസവും സന്ധ്യയുടെ ഫോണിൽ എത്തി. തിരക്കിനിടയിൽ നമ്പർ എതാണെന്നു കേൾക്കാനുള്ള സാവകാശമുണ്ടായില്ല.

ഒന്നാം സമ്മാനം തന്റെ കടയിലാണെന്ന് തൊടുപുഴ മഞ്ജു ലക്കി സെന്ററിൽനിന്നാണ് സാജനെ വിളിച്ചറിയിച്ചത്. മാറ്റിവെച്ച ആ 12 ടിക്കറ്റുകളിലൊന്നിനാണ് സമ്മാനമെന്ന് അറിഞ്ഞ ഉടനെ തന്നെ സന്തോഷവാർത്ത സന്ധ്യാമോളെ അറിയിക്കുകയായിരുന്നു. നഗരസഭ കൗൺസിലർ ജിതേഷിന്റെയും മറ്റുള്ളവരുടെയും സാന്നിധ്യത്തിൽ ടിക്കറ്റ് അവർക്ക് കൈമാറി. മറ്റ് 11 ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനവും ലഭിക്കും. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പാലാ റോഡ് ശാഖയിലെത്തി സന്ധ്യമോൾ ടിക്കറ്റ് കൈമാറി. കോട്ടയം മാന്നാനം കുരിയാറ്റേൽ ശിവൻനാഥിന്റെ ഭാര്യയാണ്. അവന്തിക, അരിഹന്ത് എന്നിവരാണ് മക്കൾ. കുമാരമംഗലം വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിലെ ഹെൽത്ത് നഴ്‌സാണ് സന്ധ്യ. 

ഈ വാർത്ത കൂടി വായിക്കാം 

വിവാഹം ശരിയാക്കാമെന്ന് പറഞ്ഞ് 10,000 രൂപ വാങ്ങി പറ്റിച്ചു; ദല്ലാളിനെ കറിക്കത്തികൊണ്ട് കുത്തിക്കൊന്നു, പ്രതിയെ കുടുക്കിയത് ഓട്ടോ ഡ്രൈവർ​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ