മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം കൂട്ടും; കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th July 2022 12:07 PM  |  

Last Updated: 27th July 2022 12:07 PM  |   A+A-   |  

kerala cabinet

മന്ത്രിസഭാ യോഗം, ഫയല്‍

 

തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവര്‍ധവിനെ കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷനെ ചുമതലപ്പെടുത്തി മന്ത്രിസഭായോഗം. ആറ് മാസത്തിനകം പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രിസഭായോഗത്തിന്റെ നിര്‍ദ്ദേശം.

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വേതനം കാലാനുസൃതമായി പരിഷ്‌കരിക്കണമെന്നാവശ്യം ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് കമ്മീഷനെ വെക്കാനുള്ള മന്ത്രിസഭായോഗ തീരുമാനം. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ ഇത് സംബന്ധിച്ച് എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രിസഭായോഗത്തിന്റെ നിര്‍ദ്ദേശം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് കമ്മീഷനെ വെക്കാനുള്ള മന്ത്രിസഭാ തീരുമാനം.

അതേസമയം, കടമെടുപ്പു പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ കേന്ദ്രമന്ത്രി നിര്‍മല സീതാരാമനു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ കത്തയച്ചു. ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതും റവന്യു കമ്മി ഗ്രാന്റ് കുറച്ചതും കടമെടുപ്പു വെട്ടിക്കുറച്ചതും ഭരണഘടനാ തത്വങ്ങള്‍ക്കും വിവിധ കോടതി വിധികള്‍ക്കും എതിരാണെന്ന് അക്കമിട്ടു നിരത്തിയാണു കത്ത്. കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിനു മുന്നോടിയായുള്ള നടപടിക്രമം പാലിക്കാനാണു കത്തു നല്‍കിയതെന്നു സൂചനയുണ്ട്. അടുത്ത മാസം ഒന്നിന് മധുരയില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമുണ്ടായില്ലെങ്കില്‍ കേരളം നിയമവഴിക്കു നീങ്ങാനാണു സാധ്യത.

ഈ വാർത്ത കൂടി വായിക്കാം 

സില്‍വര്‍ലൈനിന് ബദല്‍തേടി ബിജെപി;  വി മുരളീധരന്റെ നേതൃത്വത്തില്‍ റെയില്‍വേ മന്ത്രിയെ കാണും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ